വധഗൂഢാലോചനാ കേസ്: ദിലീപിന്റെ സഹോദരനെയും സഹോദരീ ഭര്‍ത്താവിനെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: വധഗൂഢാലോചനാ കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിനെത്തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. ദിലീപിന്റെ ഹരജിയെ എതിര്‍ത്ത് ഇരയായ നടി കേസില്‍ കക്ഷി ചേരാന്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്. കോടതി അനുമതിയോടെ നടന്ന മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുന്നത്. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍.
അനൂപിനോട് കഴിഞ്ഞയാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അനൂപ് ഹാജരായിരുന്നില്ല. ഇതെത്തുടര്‍ന്ന് രണ്ടാമതും അന്വേഷണസംഘം നോട്ടീസ് നല്‍കുകയായിരുന്നു. അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമേ ദിലീപിനെ ചോദ്യം ചെയ്യേണ്ടത് എപ്പോളെന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.