പത്തനംതിട്ടയിൽ രണ്ട് ആശുപത്രികളില്‍കൂടി ഐസൊലേഷന്‍ വാര്‍ഡ് തുറക്കും
നിര്‍മ്മാണത്തിലിരിക്കുന്ന റാന്നി അയ്യപ്പ ആശുപത്രിയിലും പന്തളം അര്‍ച്ചന ആശുപത്രിയിലുമാണ് ഐസൊലേഷന്‍ വാര്‍ഡ് തുറക്കുന്നതിന് ആലോചിക്കുന്നത്.
പത്തനംതിട്ട: കോവിഡ് 19 രോഗം നിലവിലെ സ്ഥിതിയില്‍ നിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതലെന്നനിലയില്‍ റാന്നിയിലും പന്തളത്തും ഓരോ ആശുപത്രികളില്‍കൂടി ഐസൊലേഷന്‍ വാര്‍ഡ് തുറക്കുന്നതിന് പരിശോധന നടത്തുമെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് പറഞ്ഞു. നിര്‍മ്മാണത്തിലിരിക്കുന്ന റാന്നി അയ്യപ്പ ആശുപത്രിയിലും പന്തളം അര്‍ച്ചന ആശുപത്രിയിലുമാണ് ഐസൊലേഷന്‍ വാര്‍ഡ് തുറക്കുന്നതിന് ആലോചിക്കുന്നത്.
ജില്ലയില്‍ നിന്നുള്ള 10 പേരാണ് നിലവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ഇവരില്‍ പ്രായമായ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രായമായവര്‍ക്ക് കൊറോണ കാര്യമായി ബാധിക്കാന്‍ ഇടയുള്ളത് കണക്കിലെടുത്താണു നടപടി. രോഗവ്യാപനം തടയാന്‍ ജില്ലയിലെ പൊതു പരിപാടികള്‍ 14 ദിവസത്തേക്ക് നിര്‍ത്തിവെച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
കൊറോണ ബാധിതരുമായി അടുത്ത് ഇടപെട്ട മുഴുവന്‍ ആളുകളേയും കണ്ടെത്താനുള്ള ശ്രമം ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. വിദേശത്തുനിന്നും കൊറോണ ബാധിതരായി നാട്ടിലെത്തിയവര്‍ വിവരം അധികൃതരെ അറിക്കാനും ചികിത്സ തേടാനും വൈകിയതു രോഗം പടരുന്നതിനു കാരണമായിമാറി. രോഗ ലക്ഷണമുള്ളവര്‍ യഥാസമയം ആരോഗ്യവകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും അറിയിക്കണം. പൊതുജനങ്ങള്‍ ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ മുന്‍കരുതലും സ്വീകരിക്കണം. മുന്‍കരുതലായി ധരിക്കുന്ന മാസ്‌ക്കിന്റെ ദൗര്‍ലഭ്യം നീക്കാന്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപടി സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു.