കൊവിഡ് 19: വയനാട്ടില്‍ 213 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 965 വാഹനങ്ങളിലായി എത്തിയ 1591 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Update: 2020-04-04 13:33 GMT

കല്‍പറ്റ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 213 ആളുകള്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ 10,907 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുള്‍പ്പെടെ 7 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലെ നിരീക്ഷണത്തിലുമാണ് കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നും 6 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ അയച്ച 149 സാംപിളുകളില്‍ 132 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇനി 17 എണ്ണത്തിന്റെ ഫലം ലഭിക്കുവാന്‍ ഉണ്ട്.

അതേസമയം ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 965 വാഹനങ്ങളിലായി എത്തിയ 1591 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. നിലവില്‍ ജില്ലയില്‍ 57 വിദേശികള്‍ നിരീക്ഷണത്തിലുണ്ട്. ബൈരകുപ്പയിലെ ആളുകള്‍ക്ക് അടിയന്തിര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മാത്രം ജില്ലയിലേക്ക് പ്രവേശിക്കാം. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിശദമായ വിവരങ്ങള്‍ നല്‍കണം. ജില്ലയിലെ തിരെഞ്ഞെടുത്ത ഹോട്ടലുകളില്‍ പാര്‍സല്‍ സൗകര്യം രാത്രി 8 വരെ നീട്ടി.

മാനന്തവാടി,സുല്‍ത്താന്‍ ബത്തേരി,വൈത്തിരി താലൂക്കില്‍ രാത്രി 8 മണി വരെ ഒന്ന് വീതം മരുന്നുകടകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല പറഞ്ഞു. വിരളമായി ലഭിക്കുന്ന മരുന്നുകളുടെ വിതരണത്തിനായി ജില്ലയില്‍ മൂന്ന് മരുന്ന്ഷാപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. കല്‍പ്പറ്റയില്‍ ജീവ മെഡിക്കല്‍സ്, ബത്തേരിയില്‍ മഹാത്മ, മാനന്തവാടിയില്‍ മാനന്തവാടി മെഡിക്കല്‍സ് എന്നിവയാണ് ഇതിനായി പ്രവര്‍ത്തിക്കുക. കാന്‍സര്‍,കിഡ്നി മരുന്നുകള്‍ നാലാംമൈലിലെ റിയ മെഡിക്കല്‍സില്‍ നിന്നും ലഭിക്കും.

കൊവിഡ് ആശുപത്രിയായി ഏറ്റെടുത്ത മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് സുസജ്ജമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ആറു നിലകളിലുള്ള മെഡിക്കല്‍ കോളജിന്റെ മൂന്ന് നിലകള്‍ കൊവിഡ് രോഗികളുടെ ചികില്‍സയ്ക്കായി ഉപയോഗപ്പെടുത്താനാകും. പുതുതായി വാങ്ങുന്ന വെന്റിലേറ്ററുകള്‍ ഇവിടെ താല്‍ക്കാലികമായി സജ്ജമാക്കുന്നതിനും നടപടിയുണ്ടാകും. കുടകില്‍ നിന്ന് എത്തിയവരും കൊവിഡ് കെയര്‍ സെന്ററില്‍ താമസിപ്പിച്ചവരുമായ പട്ടികവര്‍ഗ വിഭാഗക്കാരെ നിരീക്ഷണ സമയം പൂര്‍ത്തിയായ സാഹചര്യത്തില്‍ വീട്ടിലേയ്ക്ക് തിരിച്ചയക്കുന്ന കാര്യം പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പിനു യോഗം നിര്‍ദേശം നല്‍കി. എംഎല്‍എമാരായ സികെ ശശീന്ദ്രന്‍, ഒആര്‍ കേളു, ഐസി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പോലിസ് മേധാവി ആര്‍. ഇളങ്കോ, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍ രേണുക യോഗത്തില്‍ പങ്കെടുത്തു.






Tags:    

Similar News