കൊവിഡ് കാലത്തും സഞ്ചാരികളെത്തുന്നു; ആതിരപ്പിള്ളിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

താമസിക്കാന്‍ എത്തുന്നവരുടെ വാഹന നമ്പറടക്കമുള്ള വിവരങ്ങള്‍ റിസോര്‍ട്ട് ഉടമകള്‍ പോലിസിന് കൈമാറണം. താമസം അനുവദിച്ചാലും പുറത്തിറങ്ങി നടക്കാനുള്ള അനുമതി എത്തുന്നവര്‍ക്ക് ഉണ്ടായിരിക്കില്ല.

Update: 2020-06-17 14:49 GMT

തൃശൂര്‍: കൊവിഡ് കാലത്തും വിനോദ സഞ്ചാരികളെത്തുന്ന സാഹചര്യത്തില്‍ ആതിരപ്പിള്ളിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിരീക്ഷണ സമിതിയുടേതാണ് തീരുമാനം. ആതിരപ്പിള്ളിയും തുമ്പൂര്‍മുഴിയും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലും ഇവിടത്തെ റിസോര്‍ട്ടുകളില്‍ താമസക്കാര്‍ എത്തുന്നുണ്ട്. ഇവര്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നല്ല വരുന്നതെന്ന് ഉറപ്പുവരുത്തും.

താമസിക്കാന്‍ എത്തുന്നവരുടെ വാഹന നമ്പറടക്കമുള്ള വിവരങ്ങള്‍ റിസോര്‍ട്ട് ഉടമകള്‍ പോലിസിന് കൈമാറണം. താമസം അനുവദിച്ചാലും പുറത്തിറങ്ങി നടക്കാനുള്ള അനുമതി എത്തുന്നവര്‍ക്ക് ഉണ്ടായിരിക്കില്ല. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.

70 റിസോട്ടുകളാണ് ആതിരപ്പിള്ളി പരിധിയില്‍ വരുന്നത്. ഇതില്‍ രണ്ടു റിസോര്‍ട്ടുകള്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സഞ്ചാരികളെ താമസിപ്പിച്ച സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് അറിയിച്ചു. വൈകുന്നേരങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് സഞ്ചാരികളെത്തി ആള്‍ക്കൂട്ടമാകുന്ന സ്ഥിതിയാണുള്ളത്. ഇത് ഒഴിവാക്കണം. സഞ്ചാരികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്ലാന്റേഷന്‍ ചെക്ക് പോസ്റ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കും. പാല്‍, പച്ചക്കറി, ഗ്യാസ് തുടങ്ങിയ അവശ്യ സര്‍വീസുകള്‍ മാത്രമാണ് മലക്കാപ്പറയടക്കമുള്ള ചെക്ക് പോസ്റ്റുകളിലൂടെ ഇപ്പോള്‍ അനുവദിക്കുന്നത്. 

Tags:    

Similar News