കൊവിഡ്: ഡല്‍ഹിയിലെ നിരീക്ഷണ കാലാവധി കഴിഞ്ഞു; ഇറ്റലിയില്‍നിന്നെത്തിയ 30 മലയാളി വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് മടങ്ങി

ഡല്‍ഹിയിലെ സൈനിക നിരീക്ഷണ ക്യാംപില്‍ കഴിഞ്ഞുവന്ന മലയാളി വിദ്യാര്‍ഥികള്‍ 28 ദിവസത്തെ നിരീക്ഷണകാലയളവിനുശേഷമാണ് ഡല്‍ഹിയില്‍നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയത്.

Update: 2020-04-13 06:45 GMT

പാലക്കാട്: കൊവിഡ് വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഇറ്റലിയില്‍നിന്നെത്തിയ 30 മലയാളി വിദ്യാര്‍ഥികളടങ്ങുന്ന സംഘം ഡല്‍ഹിയിലെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങി. ഡല്‍ഹിയിലെ സൈനിക നിരീക്ഷണ ക്യാംപില്‍ കഴിഞ്ഞുവന്ന മലയാളി വിദ്യാര്‍ഥികള്‍ 28 ദിവസത്തെ നിരീക്ഷണകാലയളവിനുശേഷമാണ് ഡല്‍ഹിയില്‍നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ഡല്‍ഹിയില്‍നിന്ന് ബസ് മാര്‍ഗം ശനിയാഴ്ച അര്‍ധരാത്രിയാണ് ഇവര്‍ പുറപ്പെട്ടത്.

കേരളത്തിലെത്തിയ ഇവരെ പാലക്കാട്ടെ കൊവിഡ് നിരീക്ഷണ ക്യാംപിലേക്ക് മാറ്റും. രോഗബാധയില്ലെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തുന്നതിനാണിത്. ഇതിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് വിടുക. വീടുകളില്‍ കഴിയുന്നതിനും ഇവര്‍ക്ക് കര്‍ശനമാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. കഴിഞ്ഞ മാര്‍ച്ച് 14 നാണ് 45 അംഗ സംഘം ഡല്‍ഹിയിലെത്തിയത്. വിദേശത്തുനിന്നും രാജ്യത്തേക്ക് എത്തിച്ചവരെ കൃത്യമായി നിരീക്ഷണത്തിലാക്കി രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വീടുകളിലേക്ക് വിടുക. ഇതിനായി പ്രത്യേക ക്യാംപുകള്‍ രാജ്യത്ത് സജ്ജീകരിച്ചിട്ടുണ്ട്.  

Tags:    

Similar News