ഓട്ടോഡ്രൈവര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും കൊവിഡ്; കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷ സര്‍വ്വീസുകള്‍ നിര്‍ത്തി
സമീപ ദിവസങ്ങളിലായി കൊയിലാണ്ടിയില്‍ 6 ഓട്ടോ ഡ്രൈവര്‍മാര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ബന്ധുക്കള്‍ക്കും മറ്റ് നിരവധിപേര്‍ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
കൊയിലാണ്ടി: കൊവിഡ് വ്യാപന പാശ്ചാത്തലത്തില്‍ കൊയിലാണ്ടി നഗരസഭ പരിധിയില്‍ ഓട്ടോറിക്ഷ സര്‍വ്വീസുകള്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തി വെക്കാന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അഭ്യര്‍ത്ഥിച്ചു. ആശുപത്രി സേവനം മാത്രമല്ലാതെ മറ്റൊരു യാത്രകളും അനുവദിക്കില്ല. ഇന്നലെ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. സമീപ ദിവസങ്ങളിലായി കൊയിലാണ്ടിയില്‍ 6 ഓട്ടോ ഡ്രൈവര്‍മാര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ബന്ധുക്കള്‍ക്കും മറ്റ് നിരവധിപേര്‍ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്നാണ് വ്യാപനം തടയുന്നതിന് വേണ്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ പറഞ്ഞു. കഴിഞ്ഞ 2 ദിവസങ്ങളില്‍ മാത്രം 17 കേസുകളാണ് നഗരസഭയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് കാര്യങ്ങള്‍ സമൂഹ വ്യാപനത്തിലേക്ക് പോകുന്നതിന്റെ സൂചനയായാണ് കാണാനാകുക. ഈ അവസരത്തില്‍ മുഴുവന്‍ ആളുകളും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.