അതിഥി തൊഴിലാളികള്‍ക്ക് ഹിന്ദിയില്‍ ബോധവല്‍ക്കരണ ഗാനമൊരുക്കി അധ്യാപക-വിദ്യാർഥി കൂട്ടായ്മ
ഗാനം തയാറാക്കിയത് കലഞ്ഞൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹിന്ദി അധ്യാപകനായ ജയന്‍ ഓമല്ലൂരാണ്. സംഗീത അധ്യാപിക അനിലാ ജയരാജ് ഈണം പകര്‍ന്നത്.
പത്തനംതിട്ട: പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുഴുവന്‍ അതിഥി തൊഴിലാളികളെയും ലോക്ക് ഡൗണിൻ്റെ പ്രാധാന്യം അറിയിക്കുവാന്‍ ഹിന്ദി ഗാനാവതരണവുമായി അധ്യാപക-വിദ്യാര്‍ത്ഥി കൂട്ടായ്മ. പൂരാ കേരള്‍ സാഥ് ഹേ എന്ന ആശയമാണ് ഈ ഗാനം. അതിഥി തൊഴിലാളികള്‍ക്കായി ഗാനം തയാറാക്കിയത് കലഞ്ഞൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹിന്ദി അധ്യാപകനായ ജയന്‍ ഓമല്ലൂരാണ് . സംഗീത അധ്യാപിക അനിലാ ജയരാജ് ഈണം പകര്‍ന്നത്. കലഞ്ഞൂര്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി പൂജാ ഷാജി ഗാനം ആലപിച്ചു.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് വീട്ടിലിരുന്ന് മൊബൈല്‍ ഫോണിലാണ് പൂജ ഇത് ആലപിച്ചത്. പൂജയെ സഹായിക്കാനായി അവരവരുടെ വീടുകളിലിരുന്ന് മൊബൈല്‍ ഫോണ്‍ വഴി നന്ദന, ലിഷ, ദര്‍ശന, ആരഭി രാജ് എന്നിവര്‍ കോറസില്‍ പങ്കാളികളായി. കേരളം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടന്നും പോലീസ്, ഡോക്ടേഴ്‌സ്, ആശാ വര്‍ക്കേഴ്‌സ് തുടങ്ങിയവര്‍ 24 മണിക്കൂറും നമുക്കായി ഉണര്‍ന്നിരിക്കുന്നുവെന്നും ഗാനം ഉദ്‌ബോധിപ്പിക്കുന്നു.
വീടിനുള്ളിലേക്ക് നിങ്ങള്‍ ചുരുങ്ങിയാല്‍ അതിരിനപ്പുറത്തേക്ക് വൈറസ് ഓടും. അതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കു എന്നും ഗാനം ആഹ്വാനം ചെയ്യുന്നു. കേരള സര്‍ക്കാര്‍ അതിഥികള്‍ക്കൊപ്പമുണ്ടെന്നും വ്യാജ സന്ദേശങ്ങളില്‍ വീഴരുത് എന്നും ഗാനം പറയുന്നു.
പത്തനംതിട്ട ജില്ലാ തൊഴില്‍ വകുപ്പ് ഇത്തരം ഒരു ഗാനമൊരുക്കുവാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയത് ആവേശമായെന്ന് ഗാനമെഴുതിയ സജയന്‍ ഓമല്ലൂര്‍ പറഞ്ഞു. കോവിഡിനെതിരെ ഒരാഴ്ച മുന്‍പ് മലയാളത്തില്‍ പ്രതിരോധ ഗാനം ഇവര്‍ തയ്യാറാക്കിയിരുന്നു. ജില്ലയ്ക്കായി ശ്രദ്ധേയമായ പത്തനംതിട്ട പാട്ട് എന്ന ഗാനവും മുന്‍പ് ഈ കൂട്ടായ്മയില്‍ രൂപം കൊണ്ടിട്ടുണ്ട്. കൊറോണയെ നേരിടാനുള്ള കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അതിഥി തൊഴിലാളികളുടെ ഭാഷയില്‍ തന്നെ പാടി അവതരിപ്പിക്കാനുള്ള ശ്രമം വേറിട്ട മാതൃകയാവുകയാണ്.