കൊവിഡ്19: സേവന പ്രവര്‍ത്തനങ്ങളിലും സജീവമായി സിറ്റി പോലിസ്

സിറ്റി പോലിസ് പരിധിയിലുള്ള 19,000 ത്തോളം വരുന്ന അതിഥി തൊഴിലാളികളുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി 60 ഓളം ഹോം ഗാര്‍ഡ്മാരെ നിയോഗിക്കുകയും അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുകയും ചെയ്തു.

Update: 2020-04-12 19:14 GMT

കോഴിക്കോട്: കൊവിഡ് 19 വ്യാപനത്തിനെതിരായ പോരാട്ടത്തിലും ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കുന്നതിലും കര്‍മ്മനിരതരായി കോഴിക്കോട് സിറ്റി പോലിസ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍, വയോധികര്‍, അതിഥി തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കെല്ലാം സേവനങ്ങളും സഹായങ്ങളുമായി പ്രവര്‍ത്തിക്കുകയാണ് പോലിസ്. ഇതിനകം 2333 വയോധികരുമായി ബന്ധപ്പെട്ട് അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുത്തതായി ജില്ലാ പോലിസ് മേധാവി (സിറ്റി) എ.വി ജോര്‍ജ് അറിയിച്ചു

സിറ്റി പോലിസ് പരിധിയിലുള്ള 19,000 ത്തോളം വരുന്ന അതിഥി തൊഴിലാളികളുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി 60 ഓളം ഹോം ഗാര്‍ഡ്മാരെ നിയോഗിക്കുകയും അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുകയും ചെയ്തു. എല്ലാ അതിഥി തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

സിറ്റി പരിധിയിലുള്ള 31 റവന്യൂ വില്ലേജുകളില്‍ വില്ലേജ് ഓഫീസര്‍മാരോടൊപ്പം അവരെ സഹായിക്കുന്നതിനായി ഒരു പോലിസ് ഉദ്യോഗസ്ഥരെ വീതം നിയോഗിച്ചിട്ടുണ്ട്.

കൊവിഡുമായി ബന്ധപ്പെട്ട് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരത്തോളം പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു വരുന്നുണ്ടെന്നും എ.വി ജോര്‍ജ് അറിയിച്ചു.

വീടുകളിലും മറ്റും നിരീക്ഷണത്തില്‍ കഴിയുന്ന മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ഡി.സി.പി, എ.സി.പി മാര്‍ നേരിട്ട് അന്വേഷിക്കുകയും ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്യുന്നു. ജനമൈത്രി ബീറ്റിനായി ജില്ലയില്‍ 80 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും അവര്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ സിറ്റി പൊലീസ് പരിധിയില്‍ വരുന്ന അറുപതോളം സ്ഥലങ്ങളില്‍ പൊലീസ് വാഹന പരിശോധന നടത്തിവരുന്നതായി ജില്ലാ പൊലീസ് മേധാവി എ.വി ജോര്‍ജ് അറിയിച്ചു. 

Tags:    

Similar News