കോഴിക്കോട് ജില്ലയില്‍ നാലു പേര്‍ക്കു കൂടി കൊവിഡ്; ചികിത്സയിലുള്ള രോഗികള്‍ 102 ആയി
ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 167 ഉം രോഗമുക്തി നേടിയവര്‍ 64 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഇവരില്‍ ഒരാള്‍ ഒമാനില്‍ നിന്നും രണ്ട് പേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ ഒഡീഷയില്‍ നിന്നും വന്നവരാണ്.
പോസിറ്റീവായവര്‍:
1 & 2. ചേവരമ്പലം സ്വദേശിനികളായ രണ്ടു പേര്‍ (24 വയസ്സ്, 67 വയസ്സ്) ജൂണ്‍ 10 ന് മുംബൈയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം എത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് 14 ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു.
3. താമരശ്ശേരി സ്വദേശി (22) ജൂണ്‍ 11 ന് ഒമാനില്‍ നിന്നു കണ്ണൂരിലെത്തി. കാര്‍ മാര്‍ഗ്ഗം താമരശ്ശേരിയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 14 ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു.
4. ലോറി െ്രെഡവറായ ഫറോക്ക് സ്വദേശി (30) മെയ് 30 ന് ഒഡീഷയില്‍ നിന്നും കോഴിക്കോട് എത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 167 ഉം രോഗമുക്തി നേടിയവര്‍ 64 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 102 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇവരില്‍ 26 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 69 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും, 3 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ നാല് കണ്ണൂര്‍ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു വയനാട് സ്വദേശിയും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലുണ്ട്.
ഇന്ന് 161 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 9065 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8987 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 8790 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 78 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.