മലപ്പുറത്ത് 12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി; ഒരു വാര്‍ഡ് പുതുതായി ഉള്‍പ്പെടുത്തി
കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുന്ന വാര്‍ഡുകളിലും ഒഴിവാക്കിയ വാര്‍ഡുകളിലും അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
മലപ്പുറം: കൊവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണില്‍ ജില്ലയില്‍ ഒരു വാര്‍ഡ് കൂടി പുതിയതായി ഉള്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ 31 ാം വാര്‍ഡാണ് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊവിഡ് 19 രോഗവ്യാപന സാധ്യത ഒഴിവായ സാഹചര്യത്തില്‍ ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണിലുണ്ടായിരുന്ന 12 വാര്‍ഡുകള്‍ ഒഴിവാക്കിയതായും ജില്ലാകലക്ടര്‍ അറിയിച്ചു. കുറുവ ഗ്രാമപഞ്ചായത്തിലെ 09, 10, 11, 12, 13 വാര്‍ഡുകളും എടപ്പാളിലെ 07, 08, 09, 10, 11, 17, 18 വാര്‍ഡുകളുമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്. കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുന്ന വാര്‍ഡുകളിലും ഒഴിവാക്കിയ വാര്‍ഡുകളിലും അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍
- ഭക്ഷ്യ/ അവശ്യവസ്തുക്കളുടെ കച്ചവടസ്ഥാപനങ്ങള്‍ എന്നിവ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പ്രവര്‍ത്തിപ്പിക്കാം.
-പാല്‍, പത്രം, മീഡിയ, മെഡിക്കല്‍ ലാബ് എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല.
-വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് മാത്രം കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകള്‍ക്ക് ഒത്തുകൂടാം. മറ്റ് ആവശ്യങ്ങള്‍ക്കായി ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല.
-നിര്‍മാണ പ്രവൃത്തികള്‍, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികള്‍ എന്നിവ സാമൂഹിക അകലം പാലിച്ച് സുരക്ഷാ മുന്‍കരുതലുകളോടെ നിര്‍വഹിക്കാം.
- ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി ഉച്ചയക്ക് രണ്ട് വരെ പ്രവര്‍ത്തിക്കാം.
- രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസിന് അനുമതിയുണ്ട്.
- ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പോസ്റ്റ് ഓഫീസ്, മെഡിക്കല്‍ ഷോപ്പുകള്‍, കൊറിയര്‍ സര്‍വീസ് എന്നിവയ്ക്ക് നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.
- നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ വാര്‍ഡുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍
- മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുവാനും പുറത്തേക്ക് കടക്കുവാനും പ്രത്യേകം കവാടങ്ങള്‍ സജ്ജീകരിക്കണം.
- മാര്‍ക്കറ്റിലും വ്യാപാരസ്ഥാപനങ്ങളിലും എത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം.
- രണ്ടു മീറ്റര്‍ സാമൂഹിക അകലം പാലിക്കാന്‍ തരത്തിലുള്ള ഉപഭോക്താക്കളെ മാത്രമേ ഒരേ സമയം വ്യാപാരസ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പാടുകയുള്ളൂ.
- മാര്‍ക്കറ്റിലും വ്യാപാരസ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ സാനിറ്റൈസ് ചെയ്യണം. ഇതിനായി ആവശ്യത്തിന് ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കണം.
- മാര്‍ക്കറ്റിലും ധാരാളം ഉപഭോക്താക്കള്‍ എത്തുന്ന വലിയ വ്യാപാരസ്ഥാപനങ്ങളിലും താപനില അളക്കാനുള്ള ഇന്‍ഫ്രാറെഡ് തെര്‍മോ സംവിധാനം ഉണ്ടായിരിക്കണം.
- പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ളവര്‍ മാര്‍ക്കറ്റിലും വ്യാപര സ്ഥാപനങ്ങളിലും പ്രവേശിക്കരുത്. ഇവരെ പ്രാദേശിക ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കണം.
- വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രാദേശിക ആരോഗ്യവകുപ്പ് മുഖേന പരിശോധന സംവിധാനം ഒരുക്കണം.
- മാര്‍ക്കറ്റിലും വ്യാപാരസ്ഥാപനങ്ങളിലും വരുന്ന എല്ലാ വ്യക്തികളുടെയും പേര്, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ രേഖപ്പെടുത്തണം.