തൃശൂര്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കൊവിഡ് വ്യാപനം തടയാന്‍ പോലിസിന്റെ 'ഓപ്പറേഷന്‍ ഷീല്‍ഡ്'
കൊവിഡ് 19 രോഗ സാധ്യത നിലനില്‍ക്കുന്നതായി സ്ഥിരീകരിച്ച പ്രദേശങ്ങളെ ജില്ലാ ദുരന്ത നിവാരണ വിഭാഗം കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ചിട്ടുണ്ട്.രോഗനിര്‍വ്യാപനത്തിനാവശ്യമായ നിയന്ത്രണ നടപടികള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമാക്കും.
തൃശൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ നിയമം, ക്രിമിനല്‍ നടപടി നിയമത്തിലെ 144ാം വകുപ്പ് എന്നിവയനുസരിച്ച് ജൂണ്‍ 21, 24 തീയതികളില്‍ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍. തൃശൂര്‍ കോര്‍പ്പറേഷന്‍: മൂന്ന്, 24, 25, 26, 27, 31, 32, 33, 35, 36, 39, 48, 49 ഡിവിഷനുകള്‍. ചാവക്കാട് നഗരസഭ: മൂന്ന്, നാല്, എട്ട്, 19, 20, 29, 30 ഡിവിഷനുകള്‍. കുന്നംകുളം നഗരസഭ: ഏഴ്, എട്ട്, 11, 15, 19, 20 ഡിവിഷനുകള്‍. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത്: രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് വാര്‍ഡുകള്‍. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്: 14, 15 വാര്‍ഡുകള്‍. കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്: ആറ്, ഏഴ്, ഒമ്പത് വാര്‍ഡുകള്‍. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത്: 14, 15, 16 വാര്‍ഡുകള്‍.
തൃശൂര്‍ ജില്ലയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കി തൃശൂര്‍ സിറ്റി പോലിസ്. 'ഓപ്പറേഷന്‍ ഷീല്‍ഡ്' എന്ന പേരിലാണ് നടപടികള്‍ ഏകോപിപ്പിക്കുക. കൊവിഡ് 19 രോഗ സാധ്യത നിലനില്‍ക്കുന്നതായി സ്ഥിരീകരിച്ച പ്രദേശങ്ങളെ ജില്ലാ ദുരന്ത നിവാരണ വിഭാഗം കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ചിട്ടുണ്ട്.രോഗനിര്‍വ്യാപനത്തിനാവശ്യമായ നിയന്ത്രണ നടപടികള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമാക്കും.
അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ. അടിയന്തിരാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ല. ക്രിമിനല്‍ നടപടിക്രമം സെക്ഷന്‍ 144 പ്രകാരം മൂന്നുപേരില്‍ കൂടുതല്‍ ആളുകളെ കൂട്ടംകൂടാന്‍ അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും യാത്രാ വാഹനങ്ങളും അനുവദിക്കില്ല. പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കേണ്ടതാണ്. അവശ്യ സര്‍വ്വീസുകളില്‍ ഉള്‍പെടുത്തി പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളില്‍ മൂന്ന് ഉപഭോക്താക്കളെ മാത്രമേ ഒരു സമയം അനുവദിക്കൂ. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.
പ്ലാന്റേഷന്‍, നിര്‍മ്മാണ മേഖലകളില്‍ ജോലിയെടുക്കാനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരരുത്. വീടുകള്‍ തോറും കയറിയിറങ്ങിയുള്ള കച്ചവടം പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. മെഡിക്കല്‍ ആവശ്യങ്ങള്‍, അവശ്യവസ്തുക്കളുടെ വിതരണം എന്നിവയ്‌ക്കൊഴികെ യാതൊരു വിധത്തിലുള്ള സഞ്ചാരവും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുവദിക്കില്ല. ശരിയായി മാസ്‌ക് ധരിക്കാത്തവരേയും അനാവശ്യമായി കൂട്ടംകൂടി നില്‍ക്കുന്നവരേയും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
വ്യാഴാഴ്ച രാവിലെ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍. ആദിത്യയുടെ നേതൃത്വത്തില്‍ തൃശൂര്‍ ഗരത്തില്‍ പോലിസ് സേനയുടെ റൂട്ട് മാര്‍ച്ച് നടന്നു. വിവിധ മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധനകള്‍ നടത്തി. വ്യാപാര സ്ഥാപനങ്ങള്‍ക്കുമുന്നില്‍ കൂട്ടം കൂടി നിന്നവര്‍ക്കെതിരേയും മാസ്‌ക് ധരിക്കാതെ കാണപ്പെട്ടവര്‍ക്കെതിരേയും നിയമനടപടികള്‍ സ്വീകരിച്ചു.
വിവിധ പ്രദേശങ്ങളില്‍ വാഹന പരിശോധന, കോവിഡ് നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തല്‍, പോലീസ് പിക്കറ്റ് പോസ്റ്റുകള്‍, ക്വാറന്റൈന്‍ പരിശോധനകള്‍ തുടങ്ങിയവയ്ക്ക് പോലിസുദ്യോഗസ്ഥരെ നിയോഗിച്ചു.