കോവിഡ് 19: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കോഴിക്കോട് സ്വദേശിക്കെതിരേയും കേസ്

കൊറോണ ബാധയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടികള്‍ളുണ്ടാവുമെന്ന മുന്നറിയിപ്പിന് വന്നതിനു ശേഷവും ഇയാള്‍ ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

Update: 2020-03-10 04:05 GMT

കോഴിക്കോട്: കൊറോണ വൈറസി(കോവിഡ് 19) നെക്കുറിച്ച് സോഷ്യല്‍ മീഡിയകള്‍വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരാള്‍ക്കെതിരേ കൂടി പോലിസ് കേസെടുത്തു. കോഴിക്കോട് കാക്കൂരില്‍ ഏലത്തൂര്‍ സ്വദേശിയായ യുവാവിനെതിരേയാണ് കേസെടുത്തത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊറോണ ബാധയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടികള്‍ളുണ്ടാവുമെന്ന മുന്നറിയിപ്പിന് വന്നതിനു ശേഷവും ഇയാള്‍ ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഇന്നലെ മൂന്നുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ രണ്ടും ത്യശൂര്‍ കുന്നംകുളം പോലിസ് സ്‌റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല. എറണാകുളം പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനാണ് ഒരുകേസ്.

കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് അസുഖങ്ങള്‍ ഒന്നുംതന്നെയില്ലെന്നും സര്‍ക്കാര്‍ മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുന്നതാണെന്നും കാണിച്ച് സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കാഞ്ചേരിയെ പ്രതിയാക്കിയാണ് രണ്ടാമത്തെ കേസ്. കുന്നംകുളം താലൂക്കാശുപത്രിയില്‍ കൊറോണ ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് കുന്നംകുളം താലൂക്കാശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരേയാണ് കുന്നംകുളം പോലിസ് കേസെടുത്തത്.  

Tags:    

Similar News