ജില്ലയില്‍ ഫിഷ് ലാന്‍ഡിങ് ഹാര്‍ബറുകളില്‍ മാത്രം; ഒരിടത്തും മത്സ്യ ലേലം അനുവദിക്കില്ല

ലോക്ക് ഡൗണിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വലിയ ബോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുകിട മത്സ്യബന്ധനം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

Update: 2020-04-04 18:25 GMT

കോഴിക്കോട്: ജില്ലയിലെ എല്ലാ ചെറുകിട/പരമ്പരാഗത മത്സ്യബന്ധന യാനങ്ങളും (തോണി, വള്ളം) ഞായറാഴ്ച്ച മുതല്‍ ബേപ്പുര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല്‍ എന്നീ ഫിഷിങ് ഹാര്‍ബറുകളില്‍ മാത്രമേ എത്താനും ലാന്‍ഡ് ചെയ്യാനും പാടുള്ളൂ എന്ന് ജില്ലാകലക്ടര്‍ എസ്.സാംബശിവ റാവു ഉത്തരവിട്ടു. മറ്റ് ഫിഷ് ലാന്‍ഡിങ് സെന്ററുകളായ കൊയിലാണ്ടി ബീച്ച്, തിക്കോടി, കൈനാട്ടി, പള്ളിതാഴം, ചാലിയം, വെള്ളയില്‍, പയ്യോളി, മൂടാടി എന്നിവിടങ്ങളില്‍ ഇന്ന് മുതല്‍ ഫിഷ് ലാന്‍ഡിങ് അനുവദിക്കില്ല. ഇക്കാര്യം ഉറപ്പുവരുത്താനായി ആവശ്യമായ പോലീസ് സംഘത്തെ ജില്ലാ പോലീസ് മേധാവികള്‍ നിയോഗിക്കണമെന്നു കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ലോക്ക് ഡൗണിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വലിയ ബോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുകിട മത്സ്യബന്ധനം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ചെറുകിട മല്‍സ്യബന്ധന ബോട്ടുകള്‍ നിലവിലെ ഫിഷ് ലാന്‍ഡിങ് സെന്ററുകളില്‍ മത്സ്യം എത്തിച്ച് വിപണനം നടത്തുന്നത് വന്‍ ജനത്തിരക്കിന് കാരണമാവുന്നുണ്ട്. ഇവിടങ്ങളിലെ ജനത്തിരക്ക് നിയന്ത്രിക്കേണ്ടത് കൊറോണ വ്യാപനം തടയുന്നതിന് അനിവാര്യമാണ്.

യാനങ്ങളില്‍ നിന്ന് നേരിട്ട് ചെറുകിട കച്ചവടക്കാര്‍ക്കാണ് ഫിഷിങ് ഹാര്‍ബറുകളില്‍ നിന്നും മത്സ്യം നല്‍ക്കുക. ടോക്കണ്‍ വ്യവസ്ഥയിലാണ് ഹാര്‍ബറിലേക്കുള്ള പ്രവേശനം. മത്സ്യത്തിന്റെ വില ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റിയുമായി ചര്‍ച്ചചെയ്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തീരുമാനിക്കുന്ന നിരക്കിലായിരിക്കും. ഇവിടെ നിന്ന് മത്സ്യം എടുക്കുന്ന കച്ചവടക്കാര്‍ ചില്ലറ മര്‍ക്കറ്റില്‍ മത്സ്യം ലഭ്യമാക്കണം.

മത്സ്യബന്ധനത്തിന് പുറപ്പെടുന്ന പരമ്പരാഗത മത്സ്യതൊഴിലാളികള്‍ അവരുടെ യാനങ്ങളുടെ വിവരം ബേപ്പൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഇതനുസരിച്ചുളള മുന്‍ഗണനാ ടോക്കണ്‍ ബന്ധപ്പെട്ട ഹാര്‍ബറുകളില്‍ ലഭിക്കും. കണ്‍ട്രോള്‍റൂം നമ്പര്‍: 0495 2414074.

ഈ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥനുള്ള സൗകര്യങ്ങള്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ലഭ്യമാക്കും. മത്സ്യഫെഡിന്റെ ജില്ലയിലെ ഔട്ട്‌ലെറ്റ് ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ജില്ലയില്‍ ഒരിടത്തും മത്സ്യ ലേലം അനുവദിക്കില്ല. എല്ലാ ഹാര്‍ബറുകളിലും സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ ആവശ്യമായ പോലീസിനെ ജില്ലാ പോലീസ് മേധാവികള്‍ നിയോഗിക്കും.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മത്സ്യത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്താനുളള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെല്‍ത്ത് ഓഫീസര്‍മാരും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി താലൂക്കടിസ്ഥാനത്തില്‍ നിയോഗിച്ച നോഡല്‍ ഓഫീസര്‍മാര്‍ക്കായിക്കും മേല്‍ പറഞ്ഞ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതലയെന്നും കലക്ടര്‍ അറിയിച്ചു. 

Tags:    

Similar News