കൊവിഡ് വ്യാപനം; തലസ്ഥാനത്ത് ജാഗ്രത ശക്തമാക്കാൻ തീരുമാനം
ചന്തകളിലും കടകളിലും സാമൂഹിക അകലം നിർബന്ധമാക്കും. നടപടി ലംഘിക്കുന്ന കടകൾ അടപ്പിക്കും.
തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് ജാഗ്രത ശക്തമാക്കാൻ തീരുമാനം. ചന്തകളിലും കടകളിലും സാമൂഹിക അകലം നിർബന്ധമാക്കും. നടപടി ലംഘിക്കുന്ന കടകൾ അടപ്പിക്കും. നഗരത്തിലേക്കുള്ള ചില വഴികൾ അടയ്ക്കാനും തീരുമാനിച്ചു. അവ ഏതെന്ന് ഉടൻ തീരുമാനിക്കും.
ഓട്ടോ ഡ്രൈവർമാർക്ക് മാസ്‌ക് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ നിർബന്ധമാക്കും. ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്താനും തീരുമാനിച്ചു.
നഗരസഭയിലെ അഞ്ച് പ്രദേശങ്ങൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. കാലടി ജങ്ഷന്‍, ആറ്റുകാൽ, മണക്കാട് ജങ്ഷന്‍, ചിറമുക്ക്-കാലടി റോഡ്, ഐരാണിമുട്ടം എന്നീ പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്‍റ് സോണുകളായി ജില്ലാ കലക്‌ടർ നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. മണക്കാട് മൊബൈൽ ഷോപ്പ് ജീവനക്കാരനും ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി.