കൊവിഡ്-19: എട്ടു വിദേശ പൗരന്മാരുടെയും ജീവന്‍ തിരിച്ചു പിടിച്ച് മെഡിക്കല്‍ സംഘം ; കേരളത്തിന് ബിഗ് സല്യൂട്ടെന്ന് രോഗമുക്തി നേടിയവര്‍
സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാള്‍ മികച്ച ചികില്‍സ കേരളത്തില്‍ നിന്നും ലഭിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. കേരളത്തിന് അഭിമാനകരമായ പ്രവര്‍ത്തനം നടത്തിയ തിരുവനന്തപുരം, എറണാകുളം മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തരെയും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.60 വയസിന് മുകളിലുള്ളവരെ ലോകത്തുതന്നെ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുത്തുമ്പോഴാണ് ഇത്രയേറെ പേരെ അതും വിദേശ പൗരന്‍മാരെ മികച്ച ചികില്‍സയിലൂടെ ജീവന്‍ രക്ഷിച്ചെടുത്തത്.
കൊച്ചി: കൊവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരന്നവരടക്കം എട്ട് വിദേശ പൗരന്മാരുടെയുംജീവന്‍ രക്ഷിച്ച് കേരളം. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ടെന്ന് രോഗ മുക്തി നേടിയ വിദേശ പൗരന്മാര്‍.എറണാകുളം ജില്ലയില്‍ ചികില്‍സയില്‍ കഴിഞ്ഞ 4 പേരുടെ പരിശോധനാ ഫലം കഴിഞ്ഞ ദിവസങ്ങളില്‍ നെഗറ്റീവായതോടെയാണ് എല്ലാവരും രോഗമുക്തി നേടിയത്. ഇതോടെ ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസോ (57), യുകെയില്‍ നിന്നുള്ള ലാന്‍സണ്‍ (76), എലിസബത്ത് ലാന്‍സ് (76), ബ്രയാന്‍ നെയില്‍ (57), ജാനറ്റ് ലൈ (83), സ്റ്റീവന്‍ ഹാന്‍കോക്ക് (61), ആനി വില്‍സണ്‍ (61), ജാന്‍ ജാക്സണ്‍ (63) എന്നിവരാണ് രോഗമുക്തി നേടി സന്തോഷത്തോടെ സ്വദേശത്തേക്ക് പോകാനൊരുങ്ങുന്നത്.
രോഗം കുറഞ്ഞതിനെ തുടര്‍ന്ന് ഇവരില്‍ അവസാനത്തെ നാല് രോഗികളെ അവസാന ദിവസങ്ങളില്‍ അവരുടെ നിര്‍ദേശ പ്രകാരം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാള്‍ മികച്ച ചികില്‍സ കേരളത്തില്‍ നിന്നും ലഭിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. കേരളത്തിന് അഭിമാനകരമായ പ്രവര്‍ത്തനം നടത്തിയ തിരുവനന്തപുരം, എറണാകുളം മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തരെയും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.60 വയസിന് മുകളിലുള്ളവരെ ലോകത്തുതന്നെ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുത്തുമ്പോഴാണ് ഇത്രയേറെ പേരെ അതും വിദേശ പൗരന്‍മാരെ മികച്ച ചികില്‍സയിലൂടെ ജീവന്‍ രക്ഷിച്ചെടുത്തത്. റോബര്‍ട്ടോ ടൊണോയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവര്‍ക്ക് എറണാകുളം മെഡിക്കല്‍ കോളജിലുമാണ് ചികില്‍സ നല്‍കിയത്. ഇവരില്‍ ഹൈ റിസ്‌കിലുള്ള എല്ലാവരും എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇതുകൂടാതെയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 57 വയസുള്ള യുകെ പൗരനായ ബ്രയാന്‍ നെയിലിനെ പ്രത്യേക ചികില്‍സയിലൂടെ രോഗം ഭേദമാക്കിയത്.
മാര്‍ച്ച് 13ന് വര്‍ക്കലയില്‍ നിന്നാണ് ഒരു വിദേശിക്ക് ആദ്യമായി കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇറ്റലി സ്വദേശി റോബര്‍ട്ടോ ടൊണോസോയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. ഇതോടൊപ്പം ഇദ്ദേഹത്തിന്റെ സഞ്ചാരപാത കണ്ടെത്തുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇദ്ദേഹത്തെ ഹോട്ടലില്‍ താമസിപ്പിച്ചാല്‍ വീണ്ടും പുറത്ത് പോകാന്‍ സാധ്യതയുള്ളതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
കൊവിഡ് 19 രോഗബാധയെ തുടര്‍ന്ന് മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരനായ ബ്രയാന്‍ നെയില്‍ അടങ്ങിയ 19 അംഗ സംഘം മാര്‍ച്ച് 15ന് വിമാനത്തില്‍ കയറി മടങ്ങിപോകാന്‍ ശ്രമിച്ചിരുന്നു. ബ്രയാന്‍ നെയിലിനെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇവരിലാണ് ബ്രയാന്‍ നെയില്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഏറ്റവും ഗുരുതരാവസ്ഥയിലായിരുന്നു 57 വയസുള്ള ബ്രയാന്‍ നെയിലിന്. മരണത്തെ മുഖാമുഖം കണ്ട അദ്ദേഹത്തെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂയാണ് ജീവന്‍ രക്ഷിച്ചത്.എച്ച്‌ഐവി.യ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ചികില്‍സയിലൂടെ രണ്ട് സാമ്പിളുകളും നെഗറ്റീവ് ആകുകയും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇതുകൂടാതെയാണ് 76 വയസുള്ള രണ്ട് പേരേയും 83 വയസുള്ള ഒരാളേയും ചികിത്സിച്ച് ഭേദമാക്കിയത്.
എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ഗീത നായര്‍, ആര്‍എംഒ. ഡോ. ഗണേഷ് മോഹന്‍ എന്നിവരുടെ ഏകോപനത്തോടെ പള്‍മണറി ആന്റ് ക്രിറ്റിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം മേധാവിയും കൊറോണ നോഡല്‍ ഓഫീസറുമായ ഡോ. ഫത്താഹുദ്ദീന്‍, ഇന്റേണല്‍ മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ. ജേക്കബ് കെ ജേക്കബ്, റോഡിയോ ഡയഗ്‌നോസിസ് മേധാവി ഡോ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് ചികില്‍സയ്ക്ക് നേതൃത്വം നല്‍കിയത്. ഇതുകൂടാതെ നേഴ്സിംഗ് സൂപ്രണ്ട് സാന്റി അഗസ്റ്റിന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രതീഷ്, റേഡിയോ ഗ്രാഫര്‍ ബിജു, നഴ്സുമാര്‍, ഹൗസ് കീപ്പിംഗ്, റേഡിയോളജി വിഭാഗം എന്നിവരും പരിചരണ സംഘത്തിന്റെ ഭാഗമായി.എറണാകുളം ജില്ലാകലക്ടര്‍ സുഹാസ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ കെ കുട്ടപ്പന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, അസി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നിഖിലേഷ് മേനോന്‍ എന്നിവരും ഇവരുടെ ചികില്‍സാ ക്രമീകരണത്തിന് വലിയ പങ്കാണ് വഹിച്ചത്.