കൊവിഡ് 19: കോഴിക്കോട് 4 പേര്‍ക്ക് കൂടി രോഗമുക്തി; 143 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ 7 പേരാണ് ഇപ്പോള്‍ പോസിറ്റീവായി ജില്ലയില്‍ ചികില്‍സയിലുള്ളത്.

Update: 2020-04-27 15:15 GMT

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 4 പേര്‍കൂടി ഇന്ന് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഏറാമല, എടച്ചേരി (രണ്ടുപേര്‍), അഴിയൂര്‍ സ്വദേശികളാണ് രോഗമുക്തരായത്. ഇതോടെ രോഗമുക്തി നേടിയ കോഴിക്കോട് സ്വദേശികളുടെ എണ്ണം 17 ആയി. ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ 7 പേരാണ് ഇപ്പോള്‍ പോസിറ്റീവായി ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇതുകൂടാതെ ഒരു കണ്ണൂര്‍ സ്വദേശിയും മെഡിക്കല്‍ കോളജില്‍ പോസിറ്റീവായി ചികില്‍സയിലുണ്ട്.

ജില്ലയില്‍ ഇന്ന് 143 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 21,965 ആയി. 1019 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതുതായി വന്ന 26 പേര്‍ ഉള്‍പ്പെടെ 58 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 28 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 883 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 840 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 810 എണ്ണം നെഗറ്റീവ് ആണ്. 43 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫിസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 21 പേര്‍ക്ക് ഇന്ന് കൗണ്‍സലിങ് നല്‍കി. 97 പേര്‍ക്ക് മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 3186 സന്നദ്ധസേനാ പ്രവര്‍ത്തകര്‍ 10,558 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. 

Tags:    

Similar News