ലോക്ക് ഡൗണ്‍: അഴിയൂരില്‍ കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം ഏകീകരിച്ചു
റെഡ് സോണിലുള്ള 4,5,8 വാര്‍ഡുകളിലെ കടകള്‍ നിലവിലുള്ള സമയ പ്രകാരം രാവിലെ എട്ട് മണി മുതല്‍ രാവിലെ 11 മണി വരെ മാത്രമേ പ്രവര്‍ത്തിക്കൂ.
കോഴിക്കോട്: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം ഏകീകരിച്ചു. റെഡ് സോണിലുള്ള 4,5,8 വാര്‍ഡുകളിലെ കടകള്‍ നിലവിലുള്ള സമയ പ്രകാരം രാവിലെ എട്ട് മണി മുതല്‍ രാവിലെ 11 മണി വരെ മാത്രമേ പ്രവര്‍ത്തിക്കൂ.
കുഞ്ഞിപ്പള്ളി ടൗണ്‍ ഒഴികെയുള്ള മറ്റ് വാര്‍ഡുകളിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. കുഞ്ഞിപ്പള്ളി രണ്ടു വാര്‍ഡുകളില്‍ ഉള്‍പ്പെട്ടതിനാല്‍ നിലവിലുള്ള ക്രമീകരണം വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയിലാണ് കുഞ്ഞിപ്പള്ളി ടൗണിനെ ഒരു യൂനിറ്റായി കണക്കാക്കി ഉച്ചക്ക് ഒരു മണി വരെ എല്ലാ കടകളും പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയത്. മെയ് മൂന്നു വരെ ഈ നിയന്ത്രണങ്ങള്‍ തുടരും.
അഴിയൂരില്‍ ബീഫിന്റെ വില തനി ഇറച്ചിക്ക് കിലോ 300 രൂപയായി നിശ്ചയിച്ചു. പ്രദേശത്ത് ബീഫിന് ക്രമാതീതമായി വില വര്‍ദ്ധിപ്പിക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തിയ ശേഷമാണ് വില നിശ്ചയിച്ചത്. വില വര്‍ധിപ്പിക്കുകയാണെങ്കില്‍ പഞ്ചായത്തില്‍ നിന്നും അനുമതി നേടണം.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ നിഖില്‍, വ്യാപാരി സംഘടനാ പ്രതിനിധികളായ പി കെ രാമചന്ദ്രന്‍, കെ എ സുരേന്ദ്രന്‍, അരുണ്‍ ആരതി, ആരിഫ് അല്‍ഹിന്ദ്, എ രാജേന്ദ്രന്‍, വി സമീര്‍ എന്നിവര്‍ സംസാരിച്ചു