കോഴിക്കോട് ജില്ല ചുവപ്പ് മേഖലയില്‍; നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

ജില്ലാ അതിര്‍ത്തികളിലും പോലിസ് പരിശോധന കര്‍ശനമാക്കി. ജില്ലാ അതിര്‍ത്തിയില്‍ നിരീക്ഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

Update: 2020-04-20 02:55 GMT

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് കോഴിക്കോട് ജില്ല ചുവപ്പ് മേഖലയിലാണ് ഉള്‍പ്പെടുന്നത് എന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടി വരുമെന്നും പൊതുജനങ്ങള്‍ ഇതിനോട് പൂര്‍ണമായി സഹകരിക്കണമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കൊവിഡിന്റെ ഭീഷണിയില്‍നിന്ന് പൂര്‍ണമുക്തമാകുന്നതിനും സാധാരണനില കൈവരിക്കുന്നതിനും ഈ നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അവിടം വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കില്‍ ഇവര്‍ക്ക് വീടുകളിലേക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ വാര്‍ഡ് ദ്രുതകര്‍മ്മ സേനകള്‍ വീടുകളിലെത്തിച്ചു നല്‍കും.

ജില്ലയിലെ കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ പുരോഗതി മന്ത്രിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടന്ന യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍ രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. സജീത്ത് കുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് ജില്ല ഹോട്‌സ്‌പോട്ട് ആയതിനെ തുടര്‍ന്ന് ജില്ലാ അതിര്‍ത്തികളിലും പോലിസ് പരിശോധന കര്‍ശനമാക്കി. ജില്ലാ അതിര്‍ത്തിയില്‍ നിരീക്ഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

Tags:    

Similar News