കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ
സ്‌കൂളുകള്‍, കോളജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യുകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവ അനുവദിക്കുന്നതല്ല.
കോഴിക്കോട്: ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 വരെ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.
സ്‌കൂളുകള്‍, കോളജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യുകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവ അനുവദിക്കുന്നതല്ല.
ഹോട്ടലുകള്‍, റസ്‌റ്റോറന്റ് എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള നിയന്ത്രണം തുടരും. സിനിമ തിയേറ്റര്‍, ഷോപ്പിംഗ് മാളുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യം, നീന്തല്‍കുളങ്ങള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലിഹാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.
സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക, ആത്മീയ കൂട്ടായ്മകളും മറ്റു കൂടിച്ചേരലുകള്‍ക്കുമുള്ള നിയന്ത്രണം തുടരും. ആരാധനാലയങ്ങളിലെ പൊതുജന പ്രവേശനം അനുവദിക്കില്ല. കൂടാതെ അന്തര്‍ സംസ്ഥാന,അന്തര്‍ ജില്ല പൊതുഗതാഗതവും, അടിയന്തര ഘട്ടത്തില്‍ അല്ലാതെ രാത്രി 7 മുതല്‍ രാവിലെ 7 വരെയുള്ള യാത്രകളും അനുവദിക്കില്ല.
കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ഊര്‍ജിതമായി നടത്തണം. കച്ചവട കേന്ദ്രങ്ങള്‍ ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ അടക്കമുള്ള എല്ലാ അനുവദനീയ സ്ഥാപനങ്ങളിലും സാനിറ്റയ്‌സറിന്റെ ഉപയോഗം കൃത്യമായി ഉറപ്പാക്കണം. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഏതെങ്കിലും ആളുകള്‍ ലംഘിക്കുകയാണെങ്കില്‍ 2005ലെ ദുരന്തനിവാരണ നിയമം 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ പീനല്‍കോഡ് 188 ാം വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.