കര്‍ണാടകയില്‍ കുടുങ്ങിയ ഇഞ്ചി കര്‍ഷകരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി

അതിര്‍ത്തി ചെക്‌പോസ്റ്റുകളായ മുത്തങ്ങയിലും താളൂരിലും മിനി ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കും. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്.

Update: 2020-05-02 02:01 GMT

കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും ഇഞ്ചിക്കൃഷിക്കും മറ്റുമായി കര്‍ണാടകയിലേക്ക് പോയവരെ തിരികെ എത്തിക്കാനുള്ള നടപടി ജില്ലഭരണകൂടം തുടങ്ങി. ആദ്യപടിയെന്നോണം ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കുടക് ജില്ലയില്‍ അകപ്പെട്ട ഇഞ്ചി കര്‍ഷകരെ തിരികെ എത്തിക്കുന്നതിനായി പാസ്സ് അനുവദിക്കുമെന്ന് സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് അറിയിച്ചു. 300 പേരാണ് പാസ്സിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

ഇതില്‍ സ്വന്തമായി വാഹനമുള്ള 50 പേര്‍ക്ക് അവരുടെ വാഹനങ്ങളില്‍ തന്നെ ജില്ലയിലേക്ക് തിരികെ എത്താം. വാഹനമില്ലാത്ത 250 പേരെ തിരികെ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജില്ലാ കലക്ടറുടെ പാസ്സ് ലഭ്യമാവുന്നതിന് മുമ്പ് ആരും യാത്ര പുറപ്പെടാന്‍ പാടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങാന്‍ അപേക്ഷ സമര്‍പ്പിച്ചവരെ പരിശോധിക്കുന്നതിനും മറ്റുമായി മുത്തങ്ങ ചെക്‌പോസ്റ്റില്‍ ആവശ്യമായ സംവിധാനം ഒരുക്കും.

ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളെ സംസ്ഥാനത്തേക്ക് കൊണ്ടു വരുമ്പോള്‍ പരിശോധന നടത്തുന്നതിനായി അതിര്‍ത്തി ചെക്‌പോസ്റ്റുകളായ മുത്തങ്ങയിലും താളൂരിലും മിനി ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കും. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്.

ചെക്‌പോസ്റ്റില്‍ എത്തുന്നവരുടെ രജിസ്‌ട്രേഷന്‍, ആരോഗ്യ പരിശോധന, സ്രവം എടുക്കുന്നതിനുള്ള മുറി, നിരീക്ഷണ വാര്‍ഡ്, ഒ.പി കൗണ്ടര്‍, നഴ്‌സിംഗ് റൂം, ഫാര്‍മസി, വിശ്രമ സൗകര്യം, ടോയ്‌ലെറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് താത്കാലിക ആരോഗ്യ കേന്ദ്രം. 

Tags:    

Similar News