കൊവിഡ്: ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ പുതിയ പരിശോധനാഫലം നെഗറ്റീവ്
ഇടുക്കി ജില്ലാ ഭരണകൂടം ഞായറാഴ്ച വൈകീട്ടാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളോടെ 26ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം ശേഖരിച്ച സ്രവത്തിന്റെ പരിശോധനാഫലമാണ് ഞായറാഴ്ച പുറത്തുവന്നത്.
ഇടുക്കി: ഇടുക്കി ചെറുതോണിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ രണ്ടാമത്തെ സ്രവപരിശോധനാഫലം നെഗറ്റീവ്. അടുത്ത ഫലംകൂടി നെഗറ്റീവായാല്‍ ഇദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാം. പിന്നീട് 28 ദിവസത്തെ നിരീക്ഷണത്തില്‍ തുടരണം. അതേസമയം, ഇദ്ദേഹവുമായി അടുത്തിടപഴകിയ സുഹൃത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലാ ഭരണകൂടം ഞായറാഴ്ച വൈകീട്ടാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളോടെ 26ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം ശേഖരിച്ച സ്രവത്തിന്റെ പരിശോധനാഫലമാണ് ഞായറാഴ്ച പുറത്തുവന്നത്.
26ന് വന്ന പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇതെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുതന്നെ രണ്ടാമതും സ്രവം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതാണ് നെഗറ്റീവായത്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ള ഇയാളുടെ മൂന്നാമത്തെ പരിശോധനാഫലം തിങ്കളാഴ്ചയാണ് ലഭിക്കുക. കോണ്‍ഗ്രസ് നേതാവുമയി ഇടപഴകിയ ആയിരത്തിലേറെ ആളുകളാണ് നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കൂടുതല്‍ പേരുടെ പരിശോധനാഫലം അടുത്ത ദിവസങ്ങളില്‍ ലഭിക്കും.
വൈറസ് സ്ഥിരീകരിക്കുന്നതിന് മുമ്പ് കേരളം മുഴുവന്‍ യാത്രചെയ്യുകയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും ഇടപഴകുകയും ചെയ്തതിന്റെ പേരില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ നേരത്തെ ഇദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ വിപുലമായ റൂട്ട് മാപ്പ് തയ്യാറാക്കേണ്ടിവന്നത് ആരോഗ്യവകുപ്പിനെയും പ്രതിസന്ധിയിലാക്കിയിരുന്നു.