മധുരയില്‍നിന്ന് റെയില്‍പ്പാളത്തിലൂടെ നടന്നുവന്നയാളെ തിരുവനന്തപുരത്ത് പിടികൂടി
തിരുവനന്തപുരത്തുനിന്നു കോട്ടയം ഭാഗത്തേക്കു നടന്ന് തുടങ്ങിയപ്പോഴാണ് സ്‌റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസര്‍ എം.ടി.ജോസഫിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തിരുവനന്തപുരം: മധുരയില്‍നിന്ന് റെയില്‍പ്പാളത്തിലൂടെ നടന്നുവന്നയാളെ റെയില്‍വേ സംരക്ഷണസേന പിടികൂടി. എരുമേലി കനകപാളയം കുന്നില്‍ ഹൗസില്‍ പ്രസാദി(68)നെയാണ് തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനു സമീപംവച്ച് പിടികൂടി ആരോഗ്യവകുപ്പിനു കൈമാറിയത്.
രാമേശ്വരം ക്ഷേത്രത്തില്‍നിന്നുള്ള മടങ്ങിവരവായിരുന്നു. 14ന് മധുരയില്‍നിന്നാണ് റെയില്‍വേ ട്രാക്കില്‍ കയറിതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു.
അന്നുമുതല്‍ ട്രാക്കിലൂടെയായിരുന്നു യാത്ര. രാത്രിയില്‍ സമീപത്തുള്ള ക്ഷേത്രങ്ങളിലും മറ്റും തങ്ങി. പാളത്തിനരികിലെ വീടുകളില്‍നിന്നു ലഭിച്ച ഭക്ഷണം കഴിച്ചു. തിരുവനന്തപുരത്തുനിന്നു കോട്ടയം ഭാഗത്തേക്കു നടന്ന് തുടങ്ങിയപ്പോഴാണ് സ്‌റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസര്‍ എം.ടി.ജോസഫിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരെ നിരീക്ഷിക്കേണ്ടതുള്ളതിനാല്‍ ആര്‍പിഎഫ് ആരോഗ്യവകുപ്പിന്റെ സഹായംതേടി. തുടര്‍ന്ന് നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. സന്ന്യാസിയെന്ന് അവകാശപ്പെട്ട ഇയാള്‍ തുടര്‍ച്ചയായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്നും പറഞ്ഞു.