മലപ്പുറം ജില്ലയില്‍ വീണ്ടും കൊവിഡ്; രോഗബാധ സ്ഥിരീകരിച്ചത് മുംബൈയില്‍നിന്നെത്തിയ മാറഞ്ചേരി സ്വദേശിയ്ക്ക്
മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പനകേന്ദ്രത്തിലെ തൊഴിലാളികളായ മാറഞ്ചേരി പരിച്ചകം സ്വദേശിയും എടപ്പാള്‍ കാലടി സ്വദേശിയും ഏപ്രില്‍ 11ന് ചരക്ക് ലോറിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്രചെയ്താണ് കേരളത്തിലെത്തിയത്.
മലപ്പുറം: ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍നിന്നെത്തിയ മാറഞ്ചേരി പരിച്ചകം സ്വദേശിയായ 40 കാരനാണ് രോഗബാധ. മുംബൈയില്‍നിന്ന് യാത്രാ അനുമതിയില്ലാതെ ചരക്കുവാഹനങ്ങളിലും നടന്നുമാണ് ഇയാള്‍ ജില്ലയിലെത്തിയതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഏപ്രില്‍ 27ന് രോഗബാധ സ്ഥിരീകരിച്ച എടപ്പാള്‍ കാലടി സ്വദേശിക്കൊപ്പമാണ് ഇയാള്‍ നാട്ടിലെത്തിയത്. വൈറസ് ബാധിതന്‍ ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 22 ആയി. ഇതില്‍ രണ്ടുപേര്‍ മാത്രമാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പനകേന്ദ്രത്തിലെ തൊഴിലാളികളായ മാറഞ്ചേരി പരിച്ചകം സ്വദേശിയും എടപ്പാള്‍ കാലടി സ്വദേശിയും ഏപ്രില്‍ 11ന് ചരക്ക് ലോറിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്രചെയ്താണ് കേരളത്തിലെത്തിയത്.
കല്‍പറ്റ വഴി ഏപ്രില്‍ 15ന് ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് കോഴിക്കോടെത്തി. കോഴിക്കോട് നിന്ന് അരി ലോറിയില്‍ യാത്രചെയ്ത് വൈകീട്ട് ആറ് മണിയ്ക്ക് രാമനാട്ടുകരയിലെത്തി. അവിടെ നിന്ന് ചേളാരിയിലേക്ക് നടന്നെത്തി. രാത്രി 8.30ന് ചേളാരിയില്‍നിന്ന് സ്വന്തം സഹോദരനും കാലടി സ്വദേശിക്കുമൊപ്പം നാട്ടില്‍നിന്നെത്തിയ ഓട്ടോറിക്ഷയില്‍ യാത്രതിരിച്ച് കാലടി സ്വദേശിയെ ചമ്രവട്ടം പാലത്തിനടുത്ത് ഇറക്കി. പിന്നീട് ഓട്ടോറിക്ഷയില്‍ രാത്രി 11.30ന് മാറഞ്ചേരി പരിച്ചകത്തെ വീട്ടിലെത്തി. ഇയാള്‍ മുംബൈയില്‍നിന്നെത്തിയ വിവരമറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ട് ഏപ്രില്‍ 16ന് വൈകീട്ട് ഏഴ് മണിയ്ക്ക് മാറഞ്ചേരിയിലെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി പ്രത്യേക നിരീക്ഷണം ആരംഭിച്ചു. കൂടെയുണ്ടായിരുന്ന കാലടി സ്വദേശിക്ക് രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെയും ഏപ്രില്‍ 26ന് രാത്രി 9.30ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ഏപ്രില്‍ 27ന് സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. വൈറസ് ബാധ സ്ഥിരീകരിച്ച മാറഞ്ചേരി പരിച്ചകം സ്വദേശിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ പിതാവ്, മാതാവ്, സഹോദരന്‍, ചേളാരിയില്‍നിന്ന് ഇയാളെ കൊണ്ടുവന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്നിവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ച് പരിശോധനകള്‍ക്ക് വിധേയരാക്കി. എടപ്പാള്‍ കാലടി സ്വദേശിക്കു പുറമെ രോഗബാധിതനൊപ്പം മുംബൈയില്‍ താമസിച്ച് വിവിധ മാര്‍ഗങ്ങളിലൂടെ ജില്ലയില്‍ തിരിച്ചെത്തിയ മറ്റ് നാലുപേരെയും ആരോഗ്യപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കണ്ടെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാക്കിയിട്ടുണ്ട്. ഇവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോവാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483- 273 7858, 273 7857, 273 3251, 273 3252, 273 3253.