പ്രവാസികളുടെ സുരക്ഷിത ക്വാറന്റയിന്‍; കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി
അടുത്ത മൂന്ന് മാസത്തിനകം പാസ്‌പോര്‍ട്ട് ,വിസ കാലാവധി കഴിയുന്നവര്‍ക്ക് അത് ആറ് മാസത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കണം. ഒപ്പം ഇന്‍ഷ്വറന്‍സ് കാലാവധിയും നീട്ടികൊടുക്കണം. മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലെ കൊറോണാ ബാധിതരായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്ക് സുരക്ഷിതമായ ക്വാറന്റയിന്‍ സംവിധാനം ഒരുക്കാന്‍ അതത് രാജ്യത്തെ ഇന്ത്യന്‍ എംബസി വഴി അടിയന്തര സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം 22 രാജ്യങ്ങളിലെ 30 ല്‍ പരം പ്രമുഖ മലയാളികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയതിന്റെ വെളിച്ചത്തിലാണ് കേന്ദ്രത്തിനോട് ഇക്കാര്യം ഉന്നയിച്ചത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ ഒരു മുറിയില്‍ ഒന്നിലേറെപ്പേര്‍ താമസിക്കുന്നതിനാല്‍ സാമുഹിക അകലം പാലിക്കുന്നതിന് സാധിക്കുന്നില്ല. മതിയായ പരിശോധന സംവിധാനവും ലഭ്യമാകുന്നില്ല. ഈ പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെടണമെന്നും കേന്ദ്ര വിദേശകാര മന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സഹായം എത്തിക്കുന്നതിന് വ്യക്തികളും ഇന്ത്യന്‍, മലയാളി അസോസിയേഷനുകളും സന്നദ്ധമാണെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പ്രതിനിധികള്‍ അറിയിച്ചിട്ടുള്ളതായും ഇതിന് അതത് രാജ്യത്തിന്റെ സഹായം തേടാന്‍ ഇന്ത്യന്‍ എംബസിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ബോധവത്കരണം കൗണ്‍സിലിംഗ് എന്നിവയും തൊഴില്‍ ദാതാക്കളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കേണ്ടതുണ്ട്. അടുത്ത മൂന്ന് മാസത്തിനകം പാസ്‌പോര്‍ട്ട് ,വിസ കാലാവധി കഴിയുന്നവര്‍ക്ക് അത് ആറ് മാസത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കണം. ഒപ്പം ഇന്‍ഷ്വറന്‍സ് കാലാവധിയും നീട്ടികൊടുക്കണം. ഇത് ഇന്നത്തെ സാഹചര്യത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസമാകും.
ഇതര രാജ്യങ്ങളിലും മലയാളി സമൂഹത്തിന്റെ ആത്മവിശ്വാസം വളര്‍ത്തുന്നതിനും അതിജീവനത്തിനും ഇന്ത്യന്‍ മിഷന്‍ മുന്‍കൈ എടുക്കണം. ഹെല്‍പ്പ് ലൈന്‍ സംവിധാനം, കോറോണ പ്രത്യേക സെല്‍ എന്നിവ രൂപീകരിക്കണം. ലോക്ക് ഡൗണ്‍ കാലത്തിന് ശേഷം വിവിധ രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റയിന്‍ സംവിധാനം ഒരുക്കേണ്ടതുണ്ട്. ആയതിനാല്‍ ഇതിന് കേന്ദ്രം ആസൂത്രിതമായ യാത്രാ പദ്ധതി ചിട്ടപ്പെടുത്തണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.