കൊവിഡ് 19: സംസ്ഥാനത്തെ സ്വകാര്യാശുപത്രികളും തുറന്നുപ്രവര്‍ത്തിക്കണമെന്ന് ആരോഗ്യവകുപ്പ്
ലോക്ക് ഡൗണ്‍ ആയതിനാല്‍ സാധാരണ നിലയില്‍ രോഗികള്‍ക്ക് ആശുപത്രികളില്‍ എത്തിച്ചേരാനുള്ള പ്രയാസമുണ്ടാവും. അങ്ങനെയുള്ള ഘട്ടങ്ങളില്‍ ടെലഫോണ്‍ മുഖേന രോഗികള്‍ക്ക് ബന്ധപ്പെടാനുള്ള സൗകര്യമുണ്ടായിരിക്കണം.
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം സ്വകാര്യാശുപത്രികളും തുറന്നുപ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊവിഡ് 19 പകരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒട്ടേറെ ആശുപത്രികള്‍ കൊവിഡ് സ്പെഷ്യാലിറ്റി ആശുപത്രികളായി മാറ്റിയിട്ടുണ്ട്. ഇവിടെ സാധാരണ ചികില്‍സകള്‍ക്ക് രോഗികള്‍ക്ക് വരാനുള്ള പ്രയാസം അനുഭവപ്പെടും. അതിനാല്‍, മറ്റെല്ലാ ആശുപത്രികളും തുറന്നുപ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്.
ലോക്ക് ഡൗണ്‍ ആയതിനാല്‍ സാധാരണ നിലയില്‍ രോഗികള്‍ക്ക് ആശുപത്രികളില്‍ എത്തിച്ചേരാനുള്ള പ്രയാസമുണ്ടാവും. അങ്ങനെയുള്ള ഘട്ടങ്ങളില്‍ ടെലഫോണ്‍ മുഖേന രോഗികള്‍ക്ക് ബന്ധപ്പെടാനുള്ള സൗകര്യമുണ്ടായിരിക്കണം. ആവശ്യമായ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും പോലിസിന്റെ സഹായത്തോടെ രോഗികളെ ആശുപത്രികളിലെത്തിച്ച് ആവശ്യമായ ചികില്‍സ നല്‍കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡേതര രോഗങ്ങള്‍ക്കെല്ലാം കൃത്യമായ ചികില്‍സ ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല, എല്ലാ സ്വകാര്യാശുപത്രികളും ചികില്‍സ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങള്‍, മറ്റ് പലതരത്തിലുള്ള രോഗങ്ങള്‍ തുടങ്ങി ഒന്നിന് പോലും ചികില്‍സ കിട്ടാത്ത അവസ്ഥ പാടില്ല.
അവശ്യസര്‍വീസ് എന്ന നിലയില്‍ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളെല്ലാം പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും തയ്യാറാവണം. ഐഎംഎ അടക്കമുള്ള സംഘടനകള്‍ സ്വകാര്യാശുപത്രികളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ മുന്‍കൈയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ആശുപത്രികളെല്ലാം ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. പകര്‍ച്ചവ്യാധികളുടെ കാലത്ത് പരിശോധനയും ചികില്‍സയും നടത്തേണ്ട രീതിയെക്കുറിച്ചുള്ള മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.