കൊവിഡ് പ്രതിരോധം : ഐഎംഎ കൊച്ചിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍
ഐഎംഎ കൊച്ചിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ എറണാകുളം ജില്ലയിലെ 120 ആശുപത്രികളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ സാമഗ്രികളായ സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക്, പിപികിറ്റ്, ഫേസ് ഷീല്‍ഡ്, ലിക്കുഡ് ഹാന്‍ഡ് വാഷ്, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവ എത്തിച്ചു നല്‍കും.
കൊച്ചി :സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (ഐഎംഎ) കൊച്ചി നല്‍കി വരുന്ന സഹായങ്ങള്‍ മാതൃകാപരമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ എറണാകുളം ജില്ലയിലെ 120 ആശുപത്രികളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ സാമഗ്രികളായ സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക്, പിപികിറ്റ്, ഫേസ് ഷീല്‍ഡ്, ലിക്കുഡ് ഹാന്‍ഡ് വാഷ്, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവ എത്തിച്ചു നല്‍കുന്നതിന്റെ ഫ്ളാഗ് ഓഫ് കൊച്ചി ഐഎംഎ ഹൗസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനായാണ് ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്നതെന്നും, ഇളവുകള്‍ കൂടുന്നതിനൊപ്പം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു വെന്നും മന്ത്രി പറഞ്ഞു.വിദേശത്ത് നിന്നും, ഇതര സംസ്ഥാനളില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്നവരില്‍ കൊവിഡ് രോഗം കൂടുതലായി കണ്ടുവരുന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരെയും, അവരുടെ കുടുംബാംഗങ്ങളെയും കൊവിഡില്‍ നിന്നും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഏറിയതിനാലാണ് ഓപ്പറേഷന്‍ എലിസര്‍ എന്ന പേരില്‍ ജില്ലയിലെ ആശുപത്രികളില്‍ വീണ്ടും കൊവിഡ് പ്രതിരോധ സാമഗ്രികള്‍ എത്തിക്കുന്നതെന്ന് ഡോ. എം എ ജുനൈദ് റഹ്മാന്‍ പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും ഇപ്രകാരം കൊവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കിയിരുന്നു. ഇത് മൂന്നാം പ്രാവശ്യമാണ് നല്‍കുന്നത്. സംസ്ഥാനത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ച നാള്‍ മുതല്‍ ജില്ലാ ഭരണകൂടത്തിനായി ഹെല്‍ത്ത് ടെലി ഹെല്‍പ് ലൈന്‍ സെന്ററും ഐഎംഎ ഹൗസില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഐഎംഎ ഹൗസില്‍ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ ജഡ്ജിയും ഗ്രീന്‍ കൊച്ചി മിഷന്‍ രക്ഷാധികാരിയുമായ സലീന വി ജി നായര്‍, റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) ജി അനന്തകൃഷ്ണന്‍, മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ഗ്രൂപ്പ് സിഎസ്ആര്‍ ഹെഡ് ബാബു ജോണ്‍ മലയില്‍, ബിപിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുരളി മാധവ്, ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, ബ്യൂമെര്‍ക് കോര്‍ ഇന്‍വെസ്റ്റ്മെന്റ് ചെയര്‍മാന്‍ ആര്‍ ബാലചന്ദ്രന്‍, ജനറല്‍ മാനേജര്‍ ശശി മേനോന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, കെജിഎംഒഎ ജില്ല സെക്രട്ടറി ഡോ. സിറിള്‍ ജി ചെറിയാന്‍, പൊട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് പ്രതിനിധികള്‍, ഡോ.സച്ചിദാന്ദ കമ്മത്ത്, ഡോ. സജിത്ത് ജോണ്‍, ഡോ. ഹനീഷ് മീരാസ, ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഡോ. അഖില്‍ സേവ്യര്‍ മാനുവല്‍ പങ്കെടുത്തു.