അഴീക്കോട് ഹാര്‍ബറില്‍ നൂറുപേരുടെയും പരിശോധനാ ഫലം നെഗറ്റീവ്
ചാമക്കാല സ്വദേശിയായ ഹാര്‍ബറില്‍ നിന്നുള്ള തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരവധി മത്സ്യത്തൊഴിലാളികള്‍ നിരീക്ഷണത്തിലാണ്.
കൊടുങ്ങല്ലൂര്‍: കൊവിഡ് രോഗ വ്യാപന ഭീതിയില്‍ നിന്നും തീരദേശത്തിന് ആശ്വാസം. അഴീക്കോട് ഹാര്‍ബറില്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയരായ മത്സ്യമേഖലയില്‍ നിന്നുള്ള നൂറു പേരുടെയും പരിശോധന ഫലം നെഗറ്റീവ്.
ചാമക്കാല സ്വദേശിയായ ഹാര്‍ബറില്‍ നിന്നുള്ള തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരവധി മത്സ്യത്തൊഴിലാളികള്‍ നിരീക്ഷണത്തിലാണ്. ഈ അവസരത്തിലാണ് മത്സ്യമേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍, തരകന്‍മാര്‍, ബോട്ട് ഉടമകള്‍ എന്നിവര്‍ക്കായി ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. അതീവ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് മൂന്നുവരെ അഴീക്കോട് ഫിഷിങ് ഹാര്‍ബര്‍ അടച്ചിട്ടിരിക്കുകയാണ്.
മാര്‍ച്ച് 24 ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഹാര്‍ബര്‍ അടച്ചിട്ട് ഇത്തരത്തില്‍ അഴീക്കോട് മാതൃകയായിരുന്നു. എറിയാട് പഞ്ചായത്തിന്റെയും മാടവന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് റാപ്പിഡ് ടെസ്റ്റ് നടത്തിയത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഭുവനേശ്വരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഡോ നിശാന്ത്, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങളായ പ്രസീന റാഫി, മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.