സംസ്ഥാനത്ത് ആറുപേര്‍ക്ക് കൂടി കൊവിഡ് 19; ബ്രേക്ക് കൊറോണ പദ്ധതിക്ക് തുടക്കം, എന്‍ട്രന്‍സ് പരീക്ഷ മാറ്റി

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് കൊവിഡ് സ്ഥീരികരിച്ചത്. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Update: 2020-03-28 13:17 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറുപേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് കൊവിഡ് സ്ഥീരികരിച്ചത്. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 165 ആയി. തിരുവനന്തപുരത്ത് ഒരാള്‍ക്കും കോട്ടയത്ത് രണ്ടുപേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കും ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് രോഗം ഭേദമായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ന് കുറവുണ്ടായിട്ടുണ്ടെങ്കിലും ജാഗ്രതപാലിക്കുന്നതില്‍ അലംഭാവമുണ്ടാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ബ്രേക്ക് കൊറോണ പദ്ധതിക്ക് തുടക്കംകുറിച്ചു. സ്റ്റാര്‍ട്ട് അപ്പ് മിഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നൂതന പ്രതിരോധ ആശയങ്ങള്‍ (breakcorona.in) സമര്‍പ്പിക്കാം. ഇവ വിദഗ്ധപാനല്‍ പരിശോധിച്ച് നടപ്പാക്കും. കൊവിഡ് സ്ഥിരീകരണം സംബന്ധിച്ച് വേഗത്തില്‍ ഫലമറിയുന്നതിന് റാപിഡ് ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തും. കൊവിഡ് സമൂഹവ്യാപനമുണ്ടായിട്ടുണ്ടോയെന്നകാര്യം ഗൗരവമായി പരിശോധിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

മദ്യാസക്തി കൂടി ആളുകള്‍ അപകടം വരുത്തിവയ്ക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരം ചില ആളുകള്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം വേണ്ടിവരുന്ന മദ്യം ലഭ്യമാക്കാന്‍ എക്സൈസ് വകുപ്പ് നടപടിയെടുക്കും. വീട്ടില്‍ കഴിയുന്നവര്‍ക്ക് മാനസിസംഘര്‍ഷമൊഴിവാക്കാന്‍ ഓണ്‍ലൈന്‍ കൗണ്‍സലിങ് സംവിധാനം ഒരുക്കുന്നത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ടോയ്‌ലറ്റ് ടാങ്കുകള്‍ നിറഞ്ഞുകവിയുന്ന പ്രശ്നം പലയിടത്തുമുണ്ടായിട്ടുണ്ട്. കുടിവെള്ളത്തെപ്പോലും ബാധിക്കുന്ന പ്രശ്നമാണിത്. ശാസ്ത്രീയ മാലിന്യനിര്‍മാര്‍ജന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. സര്‍ക്കാരിന്റെ സൗജന്യ ഭക്ഷണക്കിറ്റ് വേണ്ടാത്തവര്‍ വിവരം അറിയിക്കണം. അത് അര്‍ഹതയുള്ള മറ്റാര്‍ക്കെങ്കിലും നല്‍കാനാവും. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വീട്ടിലെത്തിക്കും.

കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതി നടപ്പാക്കുമ്പോള്‍ അത് ആള്‍ക്കൂട്ടമായി മാറരുത്. ഇതുവരെ സംസ്ഥാനത്ത് 1,059 കമ്മ്യൂണിറ്റി കിച്ചണുകളാണ് ആരംഭിച്ചത്. വെന്റിലേറ്ററുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ കവചം, എന്‍ 95 മാസ്‌ക്, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവയുടെ നിര്‍മാണത്തിന് നടപടി സ്വീകരിക്കും. കൊച്ചിയിലെ സൂപ്പര്‍ ഫാബ്ലാബ്, വന്‍കിട, ചെറുകിട വ്യവസായ സംരംഭകര്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കി ഇതിനായി പദ്ധതി ആവിഷ്‌കരിക്കും. കഞ്ചിക്കോട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റര്‍ രൂപീകരിക്കും. ഉപകരണങ്ങളുടെ മോഡല്‍ തയ്യാറാക്കാന്‍ ഫാബ്ലാബിനൊപ്പം വിഎസ്എസ്‌സിയുടെ സൗകര്യവും വിനിയോഗിക്കും.

പത്രം അവശ്യസര്‍വീസാണ്. പത്രവിതരണം ആരും തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലുള്ള അതിഥി തൊഴിലാളികളുടെ സ്ഥിതി അന്വേഷിച്ച് തമിഴ്നാട്, പശ്ചിമബംഗാള്‍, നാഗലാന്റ്, ജാര്‍ഘണ്ഡ്, രാജസ്ഥാന്‍, മണിപ്പൂര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ ബന്ധപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇവരുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കി കത്തയച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ വിഷയം കൈകാര്യം ചെയ്യാന്‍ സംസ്ഥാനതലത്തില്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ജില്ലകളില്‍ ജില്ലാ കലക്ടര്‍മാര്‍ക്കാവും ചുമതല. രാജ്യത്തിനകത്ത് മരുന്നെത്തിക്കാന്‍ എയര്‍ ഏഷ്യയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

അവശ്യമരുന്നുകള്‍ പോസ്റ്റല്‍ വകുപ്പ് വഴിയും കൊറിയര്‍ വഴിയും അയയ്ക്കുന്നതിന് ഇരുവിഭാഗവുമായി ബന്ധപ്പെടാന്‍ സംസ്ഥാനത്ത് ആരംഭിച്ച വാര്‍റഗ്മിനെ ചുമതലപ്പെടുത്തി. ഏപ്രില്‍ രണ്ടുമുതല്‍ സര്‍വീസ് പെന്‍ഷന്‍ വിതരണം ആരംഭിക്കും. രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് വരെ ട്രഷറികള്‍ പ്രവര്‍ത്തിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൊറോണ പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലിസുകാരെയും ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തെ കൊറോണ വാര്‍ റൂമിന്റെ പ്രവര്‍ത്തനം വിപുലമാക്കും. രോഗബാധിതരുടെ പേരുവിവരം പുറത്തുവിടേണ്ടെന്നാണ് പൊതുവായ തീരുമാനം. ഇടുക്കിയിലെ തോട്ടം മേഖലയില്‍ പ്രത്യേക അരി വിതരണത്തിന് സിവില്‍ സപ്ലൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി വോളണ്ടിയര്‍മാരാകാന്‍ ഇതുവരെ 78,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News