ലോക്ക് ഡൗൺ ഇളവിൽ തീരുമാനമായില്ല; ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം
ഇന്നൊ നാളെയൊ കേന്ദ്രസർക്കാരിന്റെ തീരുമാനം വരുമെന്നാണ് പ്രതീക്ഷ. അതിനാലാണ് ഇളവ് എങ്ങനെ വേണമെന്ന് ബുധനാഴ്ച തീരുമാനിക്കാൻ നിശ്ചയിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവിൽ തീരുമാനമായില്ല. ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരും. ലോക്ക് ഡൗൺ നീട്ടുന്നതു സംബന്ധിച്ചും കൊറോണ വൈറസുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താനുമാണ് ഇന്ന് സംസ്ഥാന മന്ത്രിസഭായോഗം ചേർന്നത്.
എന്നാൽ കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞശേഷം ലോക്ക്ഡൗണിലെ ഇളവ് പരിശോധിക്കാമെന്ന് ഇന്നത്തെ യോഗം തീരുമാനിക്കുകയായിരുന്നു. ഇതിനായി മറ്റന്നാൾ വീണ്ടും മന്ത്രിസഭ ചേരാനും തീരുമാനമായി. ഇന്നൊ നാളെയൊ കേന്ദ്രസർക്കാരിന്റെ തീരുമാനം വരുമെന്നാണ് പ്രതീക്ഷ. അതിനാലാണ് ഇളവ് എങ്ങനെ വേണമെന്ന് ബുധനാഴ്ച തീരുമാനിക്കാൻ നിശ്ചയിച്ചത്.
മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ കൊറോണ വൈറസുമായി ബന്ധപ്പെട്ട അവലോകനം നടന്നു. ഒരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാർ സ്ഥിതിഗതികൾ വിവരിച്ചു. സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആശ്വാസകരമാണെന്നുമാണ് വിലയിരുത്തൽ.
എന്നാൽ ചൈനയിൽ അടക്കം വൈറസ് പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ യാത്ര നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ളവ തുടരണമെന്ന് നിർദേശമുയർന്നു. അയൽ സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളം ജാഗ്രതയോടെ മുന്നോട്ട് പോവണം. ജില്ലകൾ കടന്നുള്ള യാത്ര ഒരു തരത്തിലും അനുവദിക്കില്ലെന്നും യോഗത്തിൽ തീരുമാനമായി.