കൊവിഡ് 19: മൂന്നാറില്‍ സഞ്ചാരികള്‍ക്ക് കര്‍ശന പരിശോധന; വിദേശ ബുക്കിങ് നിര്‍ത്തി
മൂന്നാറില്‍ ഹോം സ്‌റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശ ബുക്കിങ് നിര്‍ത്തിവയ്ക്കും. ഹോം സ്‌റ്റേകള്‍ പരിശോധിച്ച് പട്ടിക തയ്യാറാക്കും. നിര്‍ദേശം ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇടുക്കി: കൊവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൗരന്‍ മൂന്നാറിലെ ഹോട്ടലില്‍നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി സര്‍ക്കാര്‍. മൂന്നാറില്‍ ഹോം സ്‌റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശ ബുക്കിങ് നിര്‍ത്തിവയ്ക്കും. ഹോം സ്‌റ്റേകള്‍ പരിശോധിച്ച് പട്ടിക തയ്യാറാക്കും. നിര്‍ദേശം ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥതിഗതികള്‍ വിലയിരുത്തി.
സഞ്ചാരികള്‍ കൂടുതലെത്തുന്ന ആനച്ചാലിലും പള്ളിവാസലിലും ചിന്നക്കനാലിലും ഇന്നും നാളെയുമായി അടിയന്തര യോഗം ചേരും. ബ്രിട്ടീഷ് പൗരനും സംഘവും താമസിച്ചിരുന്ന മൂന്നാര്‍ കെടിസിസി ടീ കൗണ്ടി അടച്ചു. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം. വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിക്കുന്നതില്‍ ഗുരുതരവീഴ്ച വരുത്തിയെന്നാരോപിച്ച് റിസോര്‍ട്ട് മാനേജരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഷ്ടീയ സാമൂഹിക ഉദ്യോഗസ്ഥസ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് മുന്‍കരുതല്‍ പരിശോധനകള്‍ നടത്തുന്നത്.
മൂന്നാര്‍ മേഖലയില്‍ ഊര്‍ജിതബോധവല്‍ക്കരണം നടത്തും. ജീപ്പ് സവാരികള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. നിലവിലുള്ള വിനോദസഞ്ചാരികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. രോഗലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും കണ്ടാല്‍ ഉടന്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തകരെ അറിയിക്കണം. ബ്രിട്ടീഷുകാരനും സംഘവും പോയ ഇടങ്ങളില്‍ നിരീക്ഷണവും പരിശോധനയും നടത്തും. ഇവരുമായി ബന്ധപ്പെട്ടവരുടെ സാമ്പിള്‍ പരിശോധനയ്‌ക്കെടുക്കും. മൂന്നാറിലേക്ക് വാഹനങ്ങളിലെത്തുന്നവരെ പുറത്തിറക്കി പരിശോധിക്കും. ഇതിനായി നാലുസംഘങ്ങളെ നിയോഗിച്ചു.