കൊവിഡ് 19: സാമ്പിളുകള്‍ ഇനി മഞ്ചേരിയില്‍ പരിശോധിക്കും

ഒരു ദിവസം 100 മുതല്‍ 150 സാമ്പിളുകള്‍ വരെ ലാബില്‍ പരിശോധന നടത്താനാകും.

Update: 2020-04-21 04:44 GMT

മലപ്പുറം: കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള റിയല്‍ ടൈം പൊളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടിപിസിആര്‍) പരിശോധനാ ലബോറട്ടറി മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ലാബിന് ഐസിഎംആറിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സംശയിക്കുന്നവരുടെ പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാകും.

ആരോഗ്യ വകുപ്പ് ലഭ്യമാക്കിയ റിയല്‍ ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേസ് പിസിആര്‍ മെഷീനിലൂടെയാണ് പരിശോധന നടത്തുന്നത്. നാല് മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു ദിവസം 100 മുതല്‍ 150 സാമ്പിളുകള്‍ വരെ ലാബില്‍ പരിശോധന നടത്താനാകും. ആറ് ലാബ് ടെക്‌നീഷ്യന്‍മാരെയാണ് കൊവിഡ് പരിശോധനയ്ക്കു മാത്രം നിയോഗിച്ചിരിക്കുന്നത്. ഇവര്‍ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയവരാണ്.

രണ്ട് മെഷീനുകളാണ് സര്‍ക്കാര്‍ മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആദ്യ മെഷീനാണ് ഇപ്പോള്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ടാമത്തെ മെഷീന്‍ ഉടന്‍ ലാബിലെത്തും. ഇതുവരെ ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ലാബിനെയാണ് കൊവിഡ് പരിശോധനക്കായി ജില്ലാ ആരോഗ്യ വിഭാഗം ആശ്രയിച്ചിരുന്നത്. 

Tags:    

Similar News