വയനാട്ടില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ്; ജില്ലയില്‍ രോഗബാധിതര്‍ 13 ആയി

കോയമ്പേട് മാര്‍ക്കറ്റില്‍നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചുവയസ്സുകാരിക്കുമാണ് രോഗം സ്ഥിരികരിച്ചത്.

Update: 2020-05-13 13:58 GMT

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കോയമ്പേട് മാര്‍ക്കറ്റില്‍നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചുവയസ്സുകാരിക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മാനന്തവാടി സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലിസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ കണ്ണൂര്‍ സ്വദേശിയും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി. മൂന്നുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 174 പേര്‍കൂടി നിരീക്ഷണത്തിലായി.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1970 ആണ്. ഇതില്‍ കൊവിഡ് സ്ഥിരീകരിച്ച 8 പേര്‍ അടക്കം 17 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 225 പേര്‍ ബുധനാഴ്ച നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജില്ലയില്‍നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 829 സാംപിളുകളില്‍ 689 ആളുകളുടെ ഫലം ലഭിച്ചു. 678 എണ്ണം നെഗറ്റീവാണ്. 135 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക്‌പോസ്റ്റുകളില്‍ 2,986 വാഹനങ്ങളിലായെത്തിയ 5423 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കുംതന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Tags:    

Similar News