കൊവിഡ് 19: വീടിനു പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം

സത്യവാങ്മൂലത്തില്‍ വ്യക്തിയുടെ പേര്, വീട് വിട്ടു പോകുന്നതിന്റെ ഉദ്ദേശ്യം, എവിടം മുതല്‍ എവിടം വരെ, വീട് വിടുന്ന സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

Update: 2020-03-26 09:14 GMT

കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അവശ്യ വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുമായി വീടിനു പുറത്തിറങ്ങുന്ന ആളുകള്‍ അവരുടെ പക്കല്‍ സത്യവാങ്മൂലം കരുതേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനുളള ഫോം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ അല്ലെങ്കില്‍ പോലിസുകാര്‍ ആവശ്യപ്പെടുന്ന പക്ഷം കാണിക്കേണ്ടതാണ്. സത്യവാങ്മൂലത്തില്‍ വ്യക്തിയുടെ പേര്, വീട് വിട്ടു പോകുന്നതിന്റെ ഉദ്ദേശ്യം, എവിടം മുതല്‍ എവിടം വരെ, വീട് വിടുന്ന സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. പാസുകള്‍ക്കായുള്ള അപേക്ഷ ഇഎസ്എംഎസ് രൂപത്തില്‍ അയക്കാം. പോലിസിനെയും ബന്ധപ്പെടാവുന്നതാണ്. പാസുകള്‍ ഒണ്‍ലൈന്‍ ആയി ലഭിക്കുന്നതിനുള്ള സംവിധാനം എന്‍ഐസി ഒരുക്കും.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ടീമുകള്‍:

ഗതാഗതം

അവശ്യവസ്തുക്കള്‍ ലഭ്യമാക്കുവാന്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും ഗതാഗത ഏകോപന ടീം മുഖേന ഗതാഗത ഏകോപന പാസുകള്‍ നല്‍കും. ഗതാഗത കമ്മിറ്റി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നുവെന്ന് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അവശ്യവസ്തുക്കളുടെ വിതരണം

അവശ്യവസ്തുക്കളുടെ ലഭ്യത സപ്ലെസ് കോ ഓര്‍ഡിനേഷന്‍ ടീം വിലയിരുത്തും. സമയാസമയങ്ങളില്‍ അവശ്യവസ്തുക്കളുടെ ലഭ്യത നിര്‍ണയിക്കുകയും, ഉപഭോക്താക്കള്‍ക്ക് വസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

പൊതുവിതരണ ഡീലര്‍മാര്‍ക്കും അവിടെ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഐഡി കാര്‍ഡുകള്‍ നല്‍കും. അവശ്യവസ്തുക്കളുടെ വ്യാപാരം നടക്കുന്നുണ്ടെന്നും വിപണിയില്‍ വസ്തുക്കളുടെ ദൗര്‍ലഭ്യം ഇല്ലായെന്നും ഇവയുടെ നിര്‍മാണം നടക്കുന്നുണ്ടെന്നും ടീം ഉറപ്പ് വരുത്തണം. എല്ലാ കടകളും അവശ്യവസ്തുക്കളുടെ വില പരസ്യമായി പ്രദര്‍ശിപ്പിക്കണം. കോഓര്‍ഡിനേഷന്‍ ടീം അവശ്യവസ്തുക്കളുടെ ശരാശരി വില ദിവസവും നിജപ്പെടുത്തി പ്രസിദ്ധീകരിക്കും. ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

കൃഷി

നെല്‍വയലുകളില്‍ വിളവെടുപ്പ് നടത്തുന്നതിന് തടസ്സമില്ല. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് കര്‍ഷകര്‍ വിളവെടുപ്പ് നടത്തുന്നതെന്ന് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. ജില്ലയില്‍ ലഭ്യമായ അവശ്യവസ്തുക്കളുടെ സ്‌റ്റോക്കിന്റെ ഡാറ്റാബേസ് (ധാന്യങ്ങള്‍, പഴം, പച്ചക്കറി, പാല്‍, മത്സ്യ മാംസവിഭവങ്ങള്‍ തുടങ്ങിയവയുടെ) കൃഷി, ക്ഷീരവികസന വകുപ്പ് തയ്യാറാക്കുകയും സൂക്ഷിക്കുകയും അവ സമയാസമയം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യണം.

സന്നദ്ധ സംഘടനകള്‍

എല്ലാ സന്നദ്ധ സംഘടനകളെയും ഏകോപിപ്പിക്കാനും അവരെ തദ്ദേശസ്വയംഭരണ വകുപ്പുകളുമായി ബന്ധിപ്പിക്കാനും അഡീഷണല്‍ ഡിസ്റ്റിക് മജിസ്‌ട്രേറ്റ്, ജില്ലാപ്പാനിംഗ് ഓഫീസര്‍, കോഴിക്കോട് ഇ.എം.സി ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്റര്‍, ഡോ. സുരേഷ് കോര്‍ഡിനേറ്റര്‍, പാലിയേറ്റീവ് സൊസൈറ്റി എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കും. ഇവര്‍ അത്യാവശ്യ മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും സമാഹരിക്കുകയും മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിന്റെ ചുമതല വഹിക്കുകയും വേണം.

ഹോട്ടലുകള്‍ ഹോം ഡെലിവറിയ്ക്കുമായി പ്രവര്‍ത്തിക്കണം

ജില്ലയിലെ റസ്‌റ്റോറന്റുകള്‍ ഹോട്ടലുകള്‍ എന്നിവ പാര്‍സല്‍ സര്‍വീസിനും ഹോം ഡെലിവറിയ്ക്കുമായി പ്രവര്‍ത്തിക്കണം. പാര്‍സല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ഡിടിപിസി സെക്രട്ടറി ജില്ലയിലെ റസ്‌റ്റോറന്റ് ഹോട്ടലുകള്‍ ഉടമകളുമായി ചര്‍ച്ച ചെയ്ത നടപടികള്‍ സ്വീകരിക്കണം. ഓണ്‍ലൈന്‍ അപ്ലിക്കേഷനുകളും വാട്‌സാപ്പ് അടിസ്ഥാനമാക്കിയുള്ള സേവനവും ഉടമകള്‍ ഉറപ്പാക്കേണ്ടതാണ്. ഇ.എം.സി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആവശ്യമായ പിന്തുണ നല്‍കേണ്ടതാണ്.

ആശുപത്രികള്‍

രോഗികള്‍ക്ക് നല്ല പരിചരണം നല്‍കുന്നതിനായി എല്ലാ ആശുപത്രികളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡിഎംഒ ഉറപ്പാക്കേണ്ടതാണ്. ആശുപത്രികളിലെ കാന്റീനുകള്‍ നിര്‍ബന്ധമായും പ്രവര്‍ത്തിക്കേണ്ടതാണ്. ബന്ധപ്പെട്ട വകുപ്പിലെ ജില്ലാ അധികാരികള്‍ പാസുകള്‍ നല്‍കും. എല്ലാ മെഡിക്കല്‍, ഹെല്‍ത്ത് സ്റ്റാഫുകളും വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഡിഎംഒ ഉറപ്പാക്കണണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. 

Tags:    

Similar News