സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്; ഗുരുതരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകളില്ല. ചില പ്രത്യേക മേഖലകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേരുടെ രോഗം ഭേദമായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാലക്കാട്- 7, മലപ്പുറം- 4, കണ്ണൂർ- 3, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം- രണ്ട് വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ - ഒന്നു വീതം ഇങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: തൃശ്ശൂർ- 2, കണ്ണൂർ, വയനാട്, കാസർകോട് - ഒന്നു വീതം. ഇതുവരെ സംസ്ഥാനത്ത് 666 പേരിൽ രോഗം സ്ഥിരീകരിച്ചു. നിലവിൽ 161 പേർ ചികിൽസയിൽ കഴിയുന്നുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്തു നിന്നും വന്നതാണ്. എട്ട് പേർ മഹാരാഷ്ട്രയിൽ നിന്നും മൂന്ന് പേർ തമിഴ്നാട്ടിൽ നിന്നുമാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥീരകരിച്ചത്. 74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 73865 പേർ വീടുകളിലും 533 പേർ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി 6900 സാംപിൾ ശേഖരിച്ചതിൽ 5028 എണ്ണം നെഗറ്റീവായി.
സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകളില്ല. എന്നാൽ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ചില പ്രത്യേക മേഖലകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ കർശനമാക്കേണ്ടിവരും. പ്രവാസികൾ വന്നതോടെയാണ് രോഗബാധിതരുടെ എണ്ണം കൂടിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.