കൊവിഡ്: രോഗനിരക്ക് പ്രതിദിനം ഉയരുന്നു; വരും നാളുകള്‍ നിര്‍ണായകം
ഔദ്യോഗിക കണക്ക് പ്രകാരം 0.4 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 1.74 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.
തിരുവനന്തപുരം: കൊവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നുണ്ടെങ്കിലും മരണ നിരക്ക് കുറഞ്ഞു നിൽക്കുന്നത് സംസ്ഥാനത്തിന് ആശ്വാസമാകുന്നു. ഔദ്യോഗിക കണക്ക് പ്രകാരം 0.4 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 1.74 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. അതിനിടെ സർക്കാർ കണക്ക് പ്രകാരം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 300 കടന്നു. പത്ത് ലക്ഷത്തിൽ എട്ടു പേർ എന്ന നിലയിലാണ് സംസ്ഥാനത്തെ മരണസംഖ്യയെന്ന് സർക്കാർ വ്യക്തമാക്കുന്നു. അയൽ സംസ്ഥാനങ്ങളായ കർണാടകയിൽ പത്ത് ലക്ഷത്തിൽ 82 പേരും തമിഴ്നാട്ടിൽ പത്തു ലക്ഷത്തിൽ 93 പേരും മരിച്ചുവെന്നാണ് സർക്കാർ പറയുന്നത്. അതേസമയം മരണ നിരക്ക് കുറഞ്ഞിരിക്കുന്നെങ്കിലും അത് ഏത് നിമിഷവും ഉയർന്നേക്കാമെന്ന മുന്നറിയിപ്പും സർക്കാർ നൽകുന്നു.
ഒരു ദിവസം പത്തോളം കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സപ്തംബർ 4 വരെ 326 പേരാണ് സർക്കാരിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം മരിച്ചത്. കൊവിഡ് മരണകാരണം ആയ കേസുകൾ മാത്രമാണ് കൊവിഡ് മരണമായി സർക്കാർ പരിഗണിക്കുന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മറ്റു രോഗങ്ങൾ കൊണ്ട് മരിക്കുന്നവരുടെ എണ്ണം അതുകൊണ്ടുതന്നെ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്താറില്ല. മരിച്ചവരിൽ 71.47 ശതമാനം പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. 41 വയസിനും 59 വയസിനും ഇടയിൽ പ്രായമുള്ള 23.31 ശതമാനം പേരും മരിച്ചു. പതിനേഴ് വയസിനിടയിൽ പ്രായമുള്ള രണ്ടു മരണവും റിപ്പോർട്ട് ചെയ്തു. സമ്പർക്കത്തിലൂടെ രോഗ ബാധ ഉണ്ടായവരുടെ ഇടയിലാണ് മരണനിരക്ക് കൂടുതൽ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 53.07 ശതമാനം പേരാണ് മരിച്ചത്.
ജീവിത ശൈലി രോഗങ്ങൾ മുതൽ ഗുരുതര ശ്വാസകോശ ഹൃദ് രോഗങ്ങൾ ഉള്ളവരും ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾ ഉള്ളവരുമാണ് കൂടുതൽ മരണത്തിന് കീഴടങ്ങുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ച മാസം കൂടിയാണ് കടന്നു പോയത്. 232 പേരാണ് ഔദ്യോഗിക കണക്ക് പ്രകാരം ആഗസ്ത് മാസം മാത്രം മരിച്ചത്. സപ്തംബറോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്വാഭാവികമായും ഇതിനൊപ്പം മരണസംഖ്യയും ഉയരുമെന്ന് അവർ പറയുന്നു. സപ്തംബർ ഒന്ന്, രണ്ട് തിയതികളിൽ സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയർന്ന നിലയിലാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ രോഗവ്യാപനം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും സർക്കാരിനുണ്ട്. ഇത് പിടിച്ചു നിർത്താനുള്ള ശ്രമങ്ങളാണ് സർക്കാരും ആരോഗ്യ വകുപ്പും വിശ്രമമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള തിരുവനന്തപുരത്ത് തന്നെയാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ജില്ലയിൽ 16797 പേർക്ക് ഇതുവരെ രോഗം ബാധിച്ചപ്പോൾ 104 പേരാണ് മരിച്ചത്. എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത് 6894 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 38 പേർ മരിച്ചു. മൂന്ന് മരണം വീതം റിപ്പോർട്ട് ചെയ്ത കോട്ടയം, പത്തനംതിട്ട ,ഇടുക്കി ജില്ലകളിലാണ് മരണസംഖ്യ ഏറ്റവും കുറവ്.