കോഴിക്കോട് കൊവിഡ് 19 സ്ഥിരീകരിച്ചത് ഐസോലേഷനില്‍ കഴിഞ്ഞിരുന്ന യുവാവിന്
കോഴിക്കോട് ജില്ലയിലെ ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബയില്‍ നിന്നെത്തി ഐസോലേഷനില്‍ കഴിഞ്ഞിരുന്ന 25 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ കൊവിഡ് 19 സ്ഥിതീകരിച്ചവരുടെ എണ്ണം ഏഴായി.
മാര്‍ച്ച് 18ന് രാത്രി എട്ടിന് എയര്‍ഇന്ത്യ(AI 938) വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ യുവാവ് രാത്രി ഒമ്പതിന് സ്വന്തംവാഹനത്തില്‍ വീട്ടിലേക്ക് തിരിച്ചു. 11 മണിയോടെ വീട്ടിലെത്തിയ ഇയാള്‍ കൃത്യമായി ഐസോലേഷനില്‍ കഴിഞ്ഞു. 31ന് ഫോണ്‍ മുഖാന്തിരം ദിവസേന നടത്താറുള്ള ആരോഗ്യപരിശോധനക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ക്രമീകരിച്ച ആംബുലന്‍സില്‍ ഉച്ചക്ക് 1.30 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് അവിടെ നിന്നും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
ജില്ലയിലെ കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു കൊവിഡ് 19 കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജാഗ്രത വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
ഇനി ഉള്ള ഓരോ ദിവസങ്ങളും ഏത് സാഹചര്യവും നേരിടാന്‍ നമ്മള്‍ സജ്ജരാകണം. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി പരിണമിക്കും. സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ വളരെ കര്‍ശനമായും പാലിക്കേണ്ടതുണ്ട്. കൊറോണയെ പിടിച്ചുകെട്ടാന്‍ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ നമുക്ക് സാധിക്കൂ. ലോകഡൗണിനോട് പൂര്‍ണമായും സഹകരിക്കണം. അനാവശ്യയാത്രകള്‍ പൂര്‍ണമായി ഒഴിവാക്കണം. കലക്ടര്‍ ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍, വീട്ടിലെ മുതിര്‍ന്നവര്‍,കുട്ടികള്‍ എന്നിവരുമായി സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കി വീടുകളില്‍ തന്നെ നിര്‍ബന്ധമായും കഴിയേണ്ടതാണ്.
എന്തെങ്കിലും രോഗലക്ഷണങ്ങള്‍(പനി, ചുമ, ശ്വാസതടസ്സം) ഉടന്‍ തന്നെ മെഡിക്കല്‍ ഓഫിസറുമായി ബന്ധപ്പെടുകയോ, ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയോ വേണം. വ്യാജ വാര്‍ത്തകളാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കുക. അധികാരിക സ്രോതസ്സുകളില്‍ നിന്ന് വരുന്ന വിവരങ്ങള്‍ മാത്രം പ്രചരിപ്പിക്കുക.