കോഴിക്കോട് എടച്ചേരി പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ -വാഹന ഗതാഗതവും നിരോധിച്ചു
പഞ്ചായത്തില്‍ കൊവിഡ് സ്ഥീരികരിച്ച സാഹചര്യത്തില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും രോഗിസമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കാനുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കോഴിക്കോട്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എടച്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 ല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം ഇനിയൊരുത്തരവുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. പഞ്ചായത്തില്‍ കൊവിഡ് സ്ഥീരികരിച്ച സാഹചര്യത്തില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും രോഗിസമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കാനുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. അടിയന്തിര വൈദ്യസഹായത്തിനല്ലാതെ വാര്‍ഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യ /അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ 11 മണിവരെയും, പൊതുവിതരണ സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ രണ്ട് മണിവരെയും മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു. യാതൊരു കാരണവശാലും പുറത്ത് /വീടുകള്‍ക്ക് പുറത്ത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല.
വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത്‌നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വന്നാല്‍ വാര്‍ഡ് ആര്‍.ആര്‍.ടികളുടെ സഹായം തേടാം. ഈ പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ലാ പോലീസ് മേധാവികള്‍ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ഈ വാര്‍ഡില്‍ ശക്തിപ്പെടുത്തണം. ഉത്തരവ് പാലിക്കപ്പെടാത്ത പക്ഷം ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 188, 269 പ്രകാരം ബന്ധപ്പെട്ടവരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയ റോഡുകള്‍:
എടച്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 ലെ എടച്ചേരി പുതിയങ്ങാടി റോഡ് (1.5 കി.മി), പൂമാക്കൂല്‍ തയ്യില്‍പാലം റോഡ്, പരിത്തികണ്ടി മുക്ക് കൊളങ്ങരത്ത് (തെക്കേമുക്ക് ) വഴിയുള്ള ഗതാഗതം, ഓഞ്ഞാല്‍ മുക്ക് കെട്ടുങ്ങല്‍ പള്ളി റോഡ്, ചന്ദ്രന്‍ സ്മാരകം കണ്ണന്‍കുറ്റി മുക്ക് റോഡ്, പുനത്തില്‍പീടിക കോറോത്ത് മുക്ക് റോഡ്, ചെട്ട്യാന്‍ വീട് മുക്ക് ചുണ്ടേല്‍ തെരുവ് റോഡ്, തോട്ടത്തില്‍ മുക്ക് കഞ്ചന്റൈ വിട റോഡ് എന്നിവിടങ്ങളിലാണ് നിരോധനം.