കോഴിക്കോട് ജില്ലയില്‍ ആറു പേര്‍ക്കു കൂടി കൊവിഡ്; നാല് പേര്‍ക്ക് രോഗമുക്തി

ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 184 ഉം രോഗമുക്തി നേടിയവര്‍ 80 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു.

Update: 2020-06-19 12:53 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ആറ് കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. നാല് പേര്‍ രോഗമുക്തരായി. പോസിറ്റീവായവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും (കുവൈത്ത്2, സൗദി1) മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും (ബാംഗ്ലൂര്‍2, മുംബൈ1) വന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ച നന്മണ്ട സ്വദേശികളായ രണ്ട് പേര്‍ (33, 49 വയസ്സ്) ജൂണ്‍ 17 ന് ബാംഗ്ലൂരില്‍ നിന്നു കാര്‍ മാര്‍ഗം നാട്ടിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്രവപരിശോധന നടത്തി പോസിറ്റീവ് ആയി.

കിഴക്കോത്ത് സ്വദേശി (29) ജൂണ്‍ 17 ന് കുവൈത്തില്‍ നിന്നു കരിപ്പൂരിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയതിനാല്‍ അവിടെ ചികിത്സയിലാണ്.

കടലുണ്ടി സ്വദേശി (29) ജൂണ്‍ 15 ന് കുവൈത്തില്‍ നിന്ന് കൊച്ചിയില്‍ എത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട്ടെത്തി, കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 17 നു രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി.

നന്മണ്ട സ്വദേശിനി (22) ജൂണ്‍ 17 ന് മുംബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട്ട് എത്തി. മെഡിക്കല്‍ കോളേജില്‍ സ്രവപരിശോധന നടത്തി പോസിറ്റീവായി. ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി (57) ജൂണ്‍ 11 ന് സൗദിയില്‍ നിന്ന് കണ്ണൂരിലെത്തി, ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 16 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി.

ആറ് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എയര്‍ഇന്ത്യ ജീവനക്കാരി (24), എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി (22), ചേളന്നൂര്‍ സ്വദേശി (31), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചേളന്നൂര്‍ സ്വദേശി (56) എന്നിവര്‍ഖ്കാണ് രോഗ മുക്തി.

ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 184 ഉം രോഗമുക്തി നേടിയവര്‍ 80 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 103 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. 36 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 61 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും 2 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ മൂന്ന് കണ്ണൂര്‍ സ്വദേശികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലുണ്ട്.

ഇന്ന് 235 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 9941 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9690 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 9476 എണ്ണം നെഗറ്റീവ് ആണ്. 251 പേരുടെ പരിശോധനാ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്. 

Tags:    

Similar News