സർക്കാർ ഓഫീസുകളിലെ എല്ലാ യോഗങ്ങളും 14 ദിവസത്തേക്ക് നിർത്തിവച്ചു
രോഗം വന്ന് മാറുന്നതാണ് നല്ലതെന്നും വിദേശത്ത് ആളുകൾ തിങ്ങിപ്പാർത്തിട്ടും കുഴപ്പമുണ്ടായില്ലെന്നും പ്രചാരണം നടക്കുന്നു.
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സർക്കാർ ഓഫീസുകളിലെ എല്ലാ യോഗങ്ങളും 14 ദിവസത്തേക്ക് നിർത്തി വച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് മഹാമാരിയെ നിസാരവത്കരിക്കുന്ന കുറച്ച് പേരെങ്കിലും നമുക്ക് ചുറ്റുമുണ്ട്. രോഗം വന്ന് മാറുന്നതാണ് നല്ലതെന്നും വിദേശത്ത് ആളുകൾ തിങ്ങിപ്പാർത്തിട്ടും കുഴപ്പമുണ്ടായില്ലെന്നും പ്രചാരണം നടക്കുന്നു. കാര്യമായ ജാഗ്രതയുടെ ആവശ്യമില്ലെന്നാണ് പ്രചാരണങ്ങളുടെ കാതൽ. ഇവർ പ്രധാനപ്പെട്ട വസ്തുത കാണുന്നില്ല. അല്ലെങ്കിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് രോഗം വർധിച്ച് അതിൽ സായൂജ്യമടയാനാണ് ഇവരുടെ ശ്രമം.
കൊവിഡ് മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായി പിടിച്ചുനിർത്താനായിട്ടുണ്ട്. പത്ത് ലക്ഷത്തിൽ എത്ര പേർ മരിച്ചെന്ന കണക്കാണ് മരണത്തിന്റെ വ്യാപ്തി മനസിലാക്കാനുള്ള അളവുകോൽ. യുഎഇയിൽ 34 ആണ് ഡെത്ത് പെർ മില്യൺ. ഈ തോതിലായിരുന്നെങ്കിൽ കേരളത്തിൽ ഇതിനോടകം മരണസംഖ്യ ആയിരം കവിഞ്ഞേനെ. കുവൈറ്റിലേതിന് സമാനമായി 93 ആയിരുന്നു റേറ്റ് എങ്കിൽ കേരളത്തിലെ മരണസംഖ്യ മൂവായിരം ആയേനെ.
അമേരിക്കയിലെ കണക്കായിരുന്നെങ്കിൽ 14000ത്തിലേറെ പേർ കേരളത്തിൽ മരിച്ചേനെ. കേരള സമൂഹത്തിന്റെ ജാഗ്രതയുടെ ഫലമായി കേരളത്തിന്റെ ഡെത്ത് പെർ മില്യൺ ഒന്നിൽ കൂടാതെ പിടിച്ചുനിർത്താനായി. മേൽപ്പറഞ്ഞ രാജ്യങ്ങളെക്കാൾ ജനസാന്ദ്രതയുള്ള പ്രദേശമാണ് കേരളം. ഇന്ത്യയിലെ ശരാശരി ജനസാന്ദ്രതയുടെ ഇരട്ടിയാണ് കേരളത്തിൽ.