സംസ്ഥാനത്ത് ഒമ്പത് പേർക്ക് കൂടി കൊവിഡ്; നഴ്സ് ഉൾപ്പടെ 14 പേരുടെ രോഗം ഭേദമായി

ദുബായില്‍ നിന്നും വന്ന 4 പേര്‍ക്കും ഷാര്‍ജ, അബുദാബി, ഡൽഹി എന്നിവിടങ്ങളില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കുമാണ് രോഗമുണ്ടായത്.

Update: 2020-04-03 13:15 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോഡ്- 7, തൃശൂർ- 1, കണ്ണൂർ- 1 എന്നിങ്ങനെയാണ് രോഗം കണ്ടെത്തിയത്. ദുബായില്‍ നിന്നും വന്ന 4 പേര്‍ക്കും ഷാര്‍ജ, അബുദാബി, ഡൽഹി എന്നിവിടങ്ങളില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കുമാണ് രോഗമുണ്ടായത്.

അതേസമയം, ഇന്ന് സംസ്ഥാനത്ത് 14 പേർക്ക് കൂടി രോഗം ഭേദമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ- 5, കാസർകോഡ്- 3, കോഴിക്കോട്- 2, ഇടുക്കി- 2, പത്തനംതിട്ട- 1, കോട്ടയം- 1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്. കൊവിഡ് ബാധിതരെ ചികിൽസിച്ച് രോഗം പിടിപെട്ട നഴ്സാണ് കോട്ടയത്ത് രോഗമുക്തി നേടിയത്.

സംസ്ഥാനത്ത് ഇതുവരെ 295 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 251 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. 42 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു. സംസ്ഥാനത്താകെ 169997 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരിൽ 169291 പേർ വീടുകളിലും 706 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്ന് രോഗലക്ഷണമുള്ള 154 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 9139 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 8126 സാമ്പിളുകളും നെഗറ്റീവാണ്. സംസ്ഥാനത്തെ രോഗബാധിതരിൽ 206 പേർ വിദേശ മലയാളികളും 7 പേർ വിദേശികളും 78 പേർ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരുമാണ്. 

സംസ്ഥാനത്ത് കോവിഡ് രോഗം കണ്ടെത്താൻ ടെസ്റ്റിങ് വിപുലവും വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇനിമുതൽ ഒന്നോ, രണ്ടോ ലക്ഷണമുണ്ടെങ്കിൽ സാമ്പിളെടുക്കും. റാപ്പിഡ് ടെസ്റ്റ് പരിശോധനയും വ്യാപകമാക്കും. മറ്റ് രാജ്യങ്ങളിലെ സാഹചര്യം വിലയിരുത്തുമ്പോൾ വലിയ തോതിൽ രോഗവ്യാപനം പിടിച്ചുനിർത്താൻ നമുക്ക് കഴിയുന്നുണ്ട്. ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഫലമാണിത്. രോഗവ്യാപനം ഉണ്ടാവാതിരിക്കുക, വൈറസ് ബാധിച്ചവരെ ചികിൽസിച്ച് ഭേദമാക്കുക, പുതിയ വ്യാപനസാധ്യതകൾ അടയ്ക്കുക ഇതാണ് നമ്മുടെ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

Similar News