സംസ്ഥാനത്ത് 3 പേർക്ക് കൂടി കൊവിഡ്; വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി
പുതുതായി രോഗം ബാസിക്കുന്നവരുടെ എണ്ണം കുറയുകയും രോഗശമനം നേടുന്നവരുടെ എണ്ണം വർധിച്ചിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുകണ്ട് നിയന്ത്രണം ഒഴിവാക്കാമെന്ന ധാരണ പലരിലുമുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ - 2, പാലക്കാട് -1 എന്നിങ്ങനെയാണ് രോഗം കണ്ടെത്തിയത്. അതേസമയം, ജാഗ്രതയിൽ തരിമ്പ് പോലും കുറവ് വരുത്തരുതെന്നും വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് രോഗം പിടിപെട്ടവരിൽ രണ്ടു പേർക്ക് സമ്പർക്കം മൂലവും ഒരാൾ വിദേശത്തു നിന്നെത്തിയതുമാണ്. 19 പേരിൽ ഇന്ന് രോഗം ഭേദമായി. കാസർകോഡ്-12, പത്തനംതിട്ട- 3, തൃശൂർ - 3, കണ്ണൂർ - 1 എന്നിങ്ങനെയാണ് രോഗം ഭേദമായത്. ഇതുവരെ 378 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 178 പേർ ചികിൽസയിലാണ്.
112183 പേരാണ് നിരിക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ 111468 പേർ വീടുകളിലും 715 പേർ ആശുപത്രിയിലുമുണ്ട്. ഇന്ന് രോഗലക്ഷണത്തോടെ 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15683 സാമ്പിൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 14829 ഫലങ്ങൾ നെഗറ്റീവാണ്.
പുതുതായി രോഗം ബാസിക്കുന്നവരുടെ എണ്ണം കുറയുകയും രോഗശമനം നേടുന്നവരുടെ എണ്ണം വർധിച്ചിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുകണ്ട് നിയന്ത്രണം ഒഴിവാക്കാമെന്ന ധാരണ പലരിലുമുണ്ട്. അത്തരമൊരു നീക്കം അപകടകരമാണ്. ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ചു പ്രധാനമന്ത്രി നാളെ രാവിലെ പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനം തീരുമാനമെടുക്കും. നിലവിൽ ദുരിതത്തിലായ പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ അവർത്തിച്ച് പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നും പ്രധാനമന്ത്രിക്ക് കത്തയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.