സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിലുള്ളത് 173 പേര്‍

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Update: 2020-04-14 12:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നവര്‍. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.


അതേസമയം കൊവിഡ് 19 ബാധിച്ച 13 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 4 പേര്‍) പേരുടെയും എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ നിലവില്‍ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 211 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,075 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,511 പേര്‍ വീടുകളിലും 564 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 81 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 16,235 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 15, 488 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവാണ്.

Tags:    

Similar News