കേരളത്തിൽ 7 പേർക്കുകൂടി കൊവിഡ്; സംസ്ഥാനത്തിൻ്റെ ഇടപെടലിൽ കേന്ദ്രത്തിന് സംതൃപ്തി: മുഖ്യമന്ത്രി
പ്രവാസികളെ തിരികെയെത്തിക്കാൻ ക്രിയാത്മക ഇടപെടൽ ഉണ്ടാവുമെന്ന് വിദേശകാര്യ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 7 പേർ രോഗമുക്തരാവുകയും ചെയ്തതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോട്ടയം - 3, കൊല്ലം- 3, കണ്ണൂർ- 1 എന്നിങ്ങനെയാണ് രോഗം റിപോർട്ട് ചെയ്തത്. കൊല്ലത്ത് രോഗബാധിതരിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ്.
കോഴിക്കോട് (2), കണ്ണൂർ (2), കാസർകോഡ് (2), വയനാട് (1) ജില്ലകളിലാണ് പരിശോധനാ ഫലം നെഗറ്റീവായത്. ആകെ 457 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 116 പേര്‍ ചികിത്സയില്‍ തുടരുകയാണ്. സംസ്ഥാനത്ത് ആകെ 21,044 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ 20580 പേര്‍ വീട്ടിലും 464 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 132 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊവിഡ് ബാധിച്ച കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന 84 കാരനായ കൂത്തുപറമ്പ് സ്വദേശി അബൂബക്കർ രോഗമുക്തി നേടി. അദ്ദേഹത്തിന് വൃക്കരോഗം ഉൾപ്പടെ നിരവധി രോഗങ്ങളുണ്ടായിരുന്നു. ചികിൽസിച്ച ഡോക്ടർമാരേയും നഴ്സുമാരേയും ആരോഗ്യ പ്രവർത്തകരേയും അഭിനന്ദിക്കുന്നു.
കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിൻ്റെ ഇടപെടൽ കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നത്. ഇന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിയുമായി വീഡിയോ കോൺഫറൻസിങ് വഴി കൂടിക്കാഴ്ച നടത്തി. തിരിച്ചുവരുന്ന പ്രവാസികൾക്കായി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ക്യാബിനറ്റ് സെക്രട്ടറി മുമ്പാകെ ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. ഇക്കാര്യങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാമെന്ന് ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞു. പ്രവാസികളെ തിരികെയെത്തിക്കാൻ ക്രിയാത്മക ഇടപെടൽ ഉണ്ടാവുമെന്ന് വിദേശകാര്യ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചു.