കേരളത്തിന് ആശ്വാസം: ഇന്നും പുതിയ കൊവിഡ് കേസുകളില്ല; 61 പേർ രോഗമുക്തരായി
61 പേര്‍ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. അതോടെ ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. സംസ്ഥാനത്ത് 84 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. പുതിയ ഹോട്ട്‌സ്‌പോട്ടുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.
തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിനവും കേരളത്തിന് ആശ്വാസം. സംസ്ഥാനത്ത് ഇന്നും പുതുതായി ആർക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അതേേസമയം, രോഗബാധയുള്ള 61 പേരുടെ ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: ഇടുക്കി-11, കോഴിക്കോട്-4, കൊല്ലം-9, കണ്ണൂർ-19, കാസർകോട്-2, കോട്ടയം-12, മലപ്പുറം-2, തിരുവനന്തപുരം-2. ഇതോടെ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകൾ കൂടി ആർക്കും കൊറോണ വൈറസ് ബാധയില്ലാത്ത ജില്ലകളായി മാറി. നേരത്തെ ആലപ്പുഴ, തൃശ്ശൂർ, എറണാകുളം ജില്ലകൾ കോവിഡ്-19 മുക്തമായിരുന്നു.
സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 95 പേരായിരുന്നു ചികിത്സയിലുള്ളത്. 61 പേര്‍ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. അതോടെ ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. സംസ്ഥാനത്ത് 84 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. പുതിയ ഹോട്ട്‌സ്‌പോട്ടുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിലെ 164,263 മലയാളികള്‍ നോര്‍ക്ക വഴി നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണ്ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുള്ളവരാണ് ഏറ്റവും കൂടുതല്‍. തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ദില്ലി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഹരിയാന, ഗോവ എന്നിവിടങ്ങളില്‍ നിന്നെല്ലാം മലയാളികള്‍ നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തു.
21,724 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 33,010 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 32,315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ അതിഥിതൊഴിലാളികളില്‍ സ്വന്തം സംസ്ഥാനത്തേക്ക് പോകാനാഗ്രഹിക്കുന്നവരെയാണ് തിരിച്ചയക്കുന്നത്. അതിഥി തൊഴിലാളികളെ എല്ലാവരെയും തിരിച്ചയക്കുക സര്‍ക്കാരിന്റെ നയമല്ല. ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ ധാരണയായതായും മുഖ്യമന്ത്രി അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വരെ തിരികെയെത്തിക്കാന്‍ കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് കത്തയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 28722 പേര്‍ പാസിന് അപേക്ഷിച്ചു. ഇതുവരെ 515 പേര്‍ കേരളത്തിലെത്തി. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ പാസ് നല്‍കും. അതിര്‍ത്തിയില്‍ തിരക്കൊഴിവാക്കി ക്രമീകരണം നടത്തിയിട്ടുണ്ട്.