സംസ്ഥാനത്ത് 3 പേർക്ക് കൂടി കൊവിഡ്; രോഗബാധിതർ വയനാട് സ്വദേശികൾ
നാലു ജില്ലകൾ കൊവിഡ് മുക്തം.ഇന്നു ആർക്കും രോഗം ഭേദമായില്ല. നിലവിൽ ചികിൽസയിലുള്ളത് 37 പേർ. പുതുതായി ഹോട്ട്സ്പോട്ടുകളില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലക്കാരാണ്. സമ്പർക്കം മൂലമാണ് മൂവർക്കും രോഗബാധയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞദിവസം ചെന്നൈയിൽ പോയി വന്ന വാഹനത്തിന്റെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യക്കും വാഹനത്തിലെ ക്ലീനറുടെ മകനുമാണ് രോഗം സ്ഥിരീകരിച്ചത്.
മറ്റിടങ്ങളിൽ പോയി തിരിച്ചെത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ അയഞ്ഞാൽ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് രോഗബാധയുള്ളവരുടെ ആരുടെയും പരിശോധനാഫലം നെഗറ്റീവായില്ല. ഇതുവരെ 502 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ കഴിയുന്ന രോഗബാധിതരുടെ എണ്ണം 37 ആണ്. നിരീക്ഷണത്തിലുള്ളത് 21,342 പേരാണ്. 21,034 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ആശുപത്രിയിൽ 308 പേരും നിരീക്ഷണത്തിലുണ്ട്.
ഇന്നുമാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 33,800 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 33,265 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് 1024 ടെസ്റ്റുകൾ നടത്തി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാഗ്രൂപ്പിൽപ്പെട്ട 2,512 സാമ്പിളുകൾ പരിശോധിച്ചു. 1,979 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവായി. പുതിയതായി ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂർ-18, കോട്ടയം-6, വയനാട്-4, കൊല്ലം-3, കാസർകോട്-3, പത്തനംതിട്ട-1, പാലക്കാട്-1, ഇടുക്കി-1 എന്നിങ്ങനെയാണ് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം. സംസ്ഥാനത്ത് നാല് ജില്ലകൾ കൊവിഡ് മുക്തമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.