സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ്; ഇനി ചികിൽസയിലുള്ളത് 16 പേർ
സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. കണ്ണൂർ-5, വയനാട്-4, കൊല്ലം-3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിൽ ഓരോരുത്തരുമാണ് നിലവിൽ ചികിത്സയിലുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറാം ദിവസം. ഇന്ന് ഒരാള്‍ക്ക് കേരളത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂരിൽ ചികിൽസയിലായിരുന്ന പത്തുപേര്‍ രോഗമുക്തരായി. ചെന്നൈയില്‍നിന്നു വന്ന എറണാകുളം സ്വദേശിക്കാണ് പോസിറ്റീവായത്. ഇയാള്‍ വൃക്കരോഗി കൂടിയാണ്. ആകെ 16 പേര്‍ മാത്രമേ ഇപ്പോള്‍ സംസ്ഥാനത്ത് വൈറസ് ബാധ മൂലം ചികിത്സയില്‍ കഴിയുന്നുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. കണ്ണൂർ-5, വയനാട്-4, കൊല്ലം-3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിൽ ഓരോരുത്തരുമാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 503 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 20,157 പേർ ആകെ നിരീക്ഷണത്തിലുണ്ട്. 19,810 പേർ വീടുകളിലും 347 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ഇന്നുമാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 35,856 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 35355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. മുൻഗണനാഗ്രൂപ്പുകളിലെ 3,380 സാമ്പിളുകൾ പരിശോധിച്ചതിൽ 2,939 എണ്ണം നെഗറ്റീവാണ്.