സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി കൊവിഡ്; നിയന്ത്രണം കർശനമായി തുടരണമെന്ന് മുഖ്യമന്ത്രി

രോഗം ബാധിച്ചവരിൽ നാലുപേർ വിദേശത്തു നിന്നും ഒരാൾ ചെന്നൈയിൽ നിന്നും വന്നവരാണ്.

Update: 2020-05-12 11:45 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം - 3, പത്തനംതിട്ട- 1, കോട്ടയം- 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ആർക്കും രോഗം ഭേദമായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രോഗം ബാധിച്ചവരിൽ നാലുപേർ വിദേശത്തു നിന്നും ഒരാൾ ചെന്നൈയിൽ നിന്നും വന്നവരാണ്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് ഉഴവൂര്‍ സ്വദേശിയായ രണ്ട് വയസുള്ള കുട്ടിക്കാണ്. 524 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 32 പേർ ചികിൽസയിലാണ്. 31616 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നു. ണ്ടതിൽ 31143 പേർ വീടുകളിലും 473 പേർ വീടുകളിലുമാണ്. രോഗലക്ഷണവുമായി 95 പേരെ ഇന്ന് ആശുപത്രിയിലാക്കി. 38547 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 37727 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് നിലവിൽ 34 ഹോട്ട്സ്പോട്ടുകളുണ്ട്.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ആരും ചികിൽസയിലില്ല. മലപ്പുറം സ്വദേശിയാണ് കോഴിക്കോട് ചികിൽസയിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. നാം കൊവിഡ് പ്രതിരോധത്തിൻ്റെ പുതിയൊരു ഘട്ടത്തിലേക്കാണ് കടക്കുന്നത്. പ്രവാസികൾ എത്തിത്തുടങ്ങി. ഈയാഴ്ച കൂടുതൽ പേരെത്തും. നിലവിൽ 32 രോഗബാധിതർ സംസ്ഥാനത്തുണ്ട്. 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്ത് നിന്നാണ്. ചെന്നൈയില്‍ നിന്ന് വന്ന ആറ് പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാല് പേര്‍, വിദേശത്ത് നിന്ന് 11, നിസാമുദ്ദീനില്‍ നിന്ന് വന്ന രണ്ട് പേരും രോഗികളായി. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച ഒന്‍പത് പേരില്‍ ആറ് പേര്‍ വയനാട്ടിലാണ്. ചെന്നൈയില്‍ പോയി വന്ന ട്രക്ക് ഡ്രൈവറുടെ മൂന്ന് കുടുംബാംഗങ്ങള്‍ക്കും സഹഡ്രൈവറുടെ മകനും സമ്പര്‍ക്കത്തിലായ മൂന്ന് പേര്‍ക്കും കൊവിഡ് ബാധിച്ചു. വയനാടിന് പുറത്ത് രോഗബാധയുണ്ടായ മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരുടെ ഉറ്റവരാണ്.

കാസര്‍കോട് ഒരാളില്‍ നിന്ന് 22 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കണ്ണൂരില്‍ ഒരാളില്‍ നിന്നും ഒന്‍പത് പേരിലേക്കും. വയനാട്ടില്‍ ഒരാളില്‍ നിന്നും ആറ് പേരിലേക്കും രോഗം പകര്‍ന്നു. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തിൻ്റെ തോത് സങ്കൽപ്പാതീതമാണ്. കാര്യങ്ങള്‍ എളുപ്പമല്ല. നിയന്ത്രണം പാളിയാല്‍ കൈവിട്ട് പോകും. പ്രതീക്ഷിക്കാനാവാത്ത വിപത്ത് നേരിടേണ്ടി വരും. അതിനാലാണ് ആവര്‍ത്തിച്ച് പറയുന്നത്. വരാനിടയുള്ള വിപത്തിനെതിരെ ജാഗ്രത പുലർത്തണം. സുരക്ഷ ഒരുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. റോഡ്, റെയില്‍, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആളുകള്‍ എത്തുകയാണ്. 33116 പേര്‍ റോഡ് വഴിയും വിമാനം വഴി 1406 പേരും കപ്പലുകള്‍ വഴി 833 പേരും കേരളത്തിലെത്തി. നാളെ ട്രെയിന്‍ സര്‍വീസും ആരംഭിക്കും. ഇതുവരെയുള്ള പോസിറ്റീവ് കേസില്‍ 70 ശതമാനം പുറത്തുനിന്ന് വന്നതും 30 ശതമാനം സമ്പര്‍ക്കത്തിലൂടെയുമാണ്. രോഗവ്യാപന നിരക്ക് ഒന്നില്‍ താഴെയാണ്. മരണനിരക്കും കുറയ്ക്കാനായി. ബ്രേക് ദി ചെയിനും ക്വാറന്റീനും റിവേഴ്‌സ് ക്വാറന്റീനും വിജയിപ്പിക്കാനായത് നേട്ടങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇനിയുള്ള ഘട്ടത്തിൽ സ്ഥിതിഗതികളിൽ മാറ്റമുണ്ടാവണം. വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും രോഗം ശക്തമായി പടരുകയാണ്. ഒരേ സമയം അനേകം പേരെ സ്വീകരിക്കേണ്ടി വരുന്നു. ഇവരെ സുരക്ഷിത സ്ഥലത്തെത്തിച്ച് വൈറസ് വ്യാപനം തടയണം. ഇതിന് എല്ലാവരുടേയും സഹായവും സഹകരണവും ഉണ്ടാവണം. രോഗ വ്യാപനം തടയാനുള്ള നിയന്ത്രണം കർശനമായി തുടരണം. കഴിഞ്ഞ ഘട്ടത്തിലെ സൂക്ഷ്മത തുടരേണ്ടതുണ്ട്. ആരോഗ്യ വകുപ്പ് തദ്ദേശ വകുപ്പുമായി ചേർന്ന് ഇതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News