സംസ്ഥാനത്ത് 97 പേർക്ക് കൂടി കൊവിഡ്; 89 പേർ രോഗമുക്തി നേടി, ഒരു മരണം

ഇന്ന് രോഗം ബാധിച്ചരിൽ 65 പേർ വിദേശത്തും നിന്നും 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

Update: 2020-06-18 12:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒരാൾ മരിക്കുകയും 89 പേർ രോഗമുക്തി നേടിയതായും കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചു. കണ്ണൂർ എക്സൈസ് വകുപ്പിലെ ഡ്രൈവർ കെ പി സുനിലാ(28)ണ് മരിച്ചത്. 

പാലക്കാട് - 14, കൊല്ലം- 13, കോട്ടയം-11, പത്തനംതിട്ട - 11, ആലപ്പുഴ-9, എറണാകുളം-6, തൃശൂർ- 6, ഇടുക്കി - 6, തിരുവനന്തപുരം - 5, കോഴിക്കോട്- 5, മലപ്പുറം - 4, കണ്ണൂർ - 4, കാസർകോഡ് - 3 എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവായ കേസുകൾ.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-25, യു.എ.ഇ.-17, സൗദി അറേബ്യ-11, ഖത്തര്‍-7, കസാക്കിസ്ഥാന്‍-3, ഒമാന്‍-1, ബഹറിന്‍-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-12, ഡല്‍ഹി-7, തമിഴ്‌നാട്-5, ഹരിയാന-2, ഗുജറാത്ത്-2, ഒറീസ-1) വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ 2 പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 89 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേരുടെയും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 11 പേരുടെ വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, തിരുവനന്തപുരം (ഒരു കൊല്ലം സ്വദേശി) ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേരുടെയും, എറണാകുളം, (ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി) കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1358 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,413 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,231 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,25,264 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1967 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 190 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4817 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,26,839 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3194 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 35,032 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 33,386 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,69,035 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. അതേസമയം ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ അടാട്ട്, വടക്കേക്കാട് എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 108 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Tags:    

Similar News