സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; ഇന്ന് 272 പേർക്ക് രോഗം സ്ഥിരീകരിച്ചു

സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനവും ഉയർന്നിട്ടുണ്ട്. ഇന്നു മാത്രം 68 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. ഇതിൽ 15 എണ്ണത്തിൻ്റെ ഉറവിടം കണ്ടെത്തിയിട്ടില്ല

Update: 2020-07-07 12:30 GMT

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. 272 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തതിൽ ഉയർന്ന കണക്കാണിത്. 111 പേർ ഇന്ന് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്ത് നിന്നും 38 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂർ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസർകോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂർ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്നത്തെ പോസിറ്റീവ് കേസുകൾ.

സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനവും ഉയർന്നിട്ടുണ്ട്. ഇന്നു മാത്രം 68 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. ഇതിൽ 15 എണ്ണത്തിൻ്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. റിവേഴ്സ് ക്വാറൻ്റെൻ ശക്തിപ്പെടുത്തി മാത്രമെ ഈ വെല്ലുവിളി നേരിടാനാവുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ ആരോഗ്യപ്രവർത്തകരാണ്. 1 സിഐഎസ്എഫ് ജവാൻ, 1 ഡി.എസ്.സി ജവാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശൂർ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂർ 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

24 മണിക്കൂറിനകം 7516 സാംപിളുകൾ പരിശോധിച്ചു. 1,86,576 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3034 പേരാണ് ആശുപത്രികളിലുള്ളത്. സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി നിലവിൽവന്നു. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 169 ആയി.

ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം കേരളത്തിലേക്ക് ഇതുവരെ 4,99,529 പേർ തിരിച്ചെത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് നിന്നും 3,14,94 പേരും വിദേശത്ത് നിന്നും 1,85,435 പേരുമാണ് തിരിച്ചെത്തിയത്. ആഭ്യന്തരയാത്രക്കാരിൽ 64.35 ശതമാനും പേരും വന്നത് റെഡ് സോൺ ജില്ലകളിൽ നിന്നാണ്. ഏറ്റവും കൂടുതൽ പേർ തിരിച്ചെത്തിയത് മലപ്പുറം ജില്ലയിലേക്കാണ്. ഇതുവരെ 51707 പേരാണ് ജില്ലയിലേക്ക് തിരിച്ചെത്തിയത്. കണ്ണൂർ 49653, എറണാകുളം- 47990 എന്നിങ്ങനെയാണ് കൂടുതൽ പേർ തിരിച്ചെത്തിയ ജില്ലകൾ. കുറവ് ആളുകൾ എത്തിയത് വയനാട്ടിലേക്കാണ്. 12652 പേർ.

ആഭ്യന്തരയാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ തിരിച്ചെത്തിയത് തമിഴ്നാട്ടിൽ നിന്നാണ്. ഇതുവരെ 97570 പേരാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിയത്. കർണാടക-88031, മഹാരാഷ്ട്ര- 47970 എന്നിങ്ങ കൂടുതൽ പേർ തിരിച്ചെത്തിയ മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകൾ. അന്താരാഷ്ട്ര യാത്രികരിൽ ഏറ്റവും കൂടുതൽ പേർ വന്നത് യുഎഇയിൽ നിന്നാണ്. 89,749 പേരാണ് ഇതുവരെ യുഎഇയിൽ നിന്നും കേരളത്തിലേക്കെത്തിയത്. സൗദി അറേബ്യ -25132, ഖത്തർ-20285 എന്നിങ്ങനെയാണ് കൂടുതൽ പേർ തിരിച്ചെത്തിയവരുടെ കണക്കുകൾ.

Tags:    

Similar News