മാളയില്‍ ലൈന്‍മാനും സപ്ലൈകോ മാനേജര്‍ക്കും കൊവിഡ്
സമീപ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമായി 35 പേര്‍ ഉള്ളതു കൊണ്ട് ജനങ്ങള്‍ അതീവ ജഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ അറിയിച്ചു.
മാള: പുത്തന്‍ചിറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ 50 പേരില്‍ നടത്തിയ കൊവിഡ് ആന്റിജന്‍ പരിശോധനയില്‍ പുത്തന്‍ചിറ കെഎസ്ഇബി ഓഫിസിലെ ലൈന്‍മാനും സപ്ലൈക്കോ മാവേലി സ്‌റ്റോറിലെ മാനേജരും കൊവിഡ് പോസിറ്റീവായി.
ഇതിനെ തുടര്‍ന്ന് കെഎസ്ഇബി ഓഫിസും മാവേലി സ്‌റ്റോറും ഇനി ഒരറിയിപ്പുണ്ടാക്കുന്നതുവരെ അടച്ചിടാനും ഈ സ്ഥാപനങ്ങളിലെ ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ രണ്ട് പേരും ഈ മാസം അഞ്ചാം തിയ്യതി മുതല്‍ സന്ദര്‍ശിച്ച സ്ഥാപനങ്ങള്‍ അടച്ചിടാനും ഇവിടങ്ങളിലെ ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാനും നിര്‍ദ്ധേശം കൊടുത്തിട്ടുണ്ട്.
ഈ മാസം അഞ്ചാം തിയ്യതിക്ക് ശേഷം കെഎസ്ഇബി ഓഫിസ്, മാവേലി സ്‌റ്റോര്‍ എന്നിടങ്ങളില്‍ പോയിട്ടുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകേണ്ടതും ഈ വിവരം ആശ വര്‍ക്കര്‍മാര്‍, വാര്‍ഡുകളിലെ ആര്‍ആര്‍ടി അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ അറിയിക്കേണ്ടതുമാണ്.
പുത്തന്‍ചിറ ക്ലസ്റ്ററില്‍ നിന്ന് പരിശോധനക്കയച്ചിട്ടുണ്ടായിരുന്ന 21 പേരുടെ കൊവിഡ് പരിശോധനാ ഫലം രണ്ട് പേര്‍ പോസിറ്റീവും
ബാക്കിയുള്ളവര്‍ നെഗറ്റിയും ആയിട്ടുണ്ട്.
ഇന്നലെ പോസിറ്റീവായ രണ്ട് പേരുടെ സമ്പര്‍ക്ക പട്ടികയില്‍ പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ പല വാര്‍ഡുകളില്‍ നിന്നും സമീപ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമായി 35 പേര്‍ ഉള്ളതു കൊണ്ട് ജനങ്ങള്‍ അതീവ ജഗ്രത പാലിക്കേണ്ടതും വീടുകളില്‍ നിന്ന് അത്യാവശ്യത്തിന് മാത്രം പുറത്തേക്ക് പോകുന്ന അവസരത്തില്‍ മാസ്‌ക്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ അറിയിച്ചു.